
03-12-2023
ഇന്ന് ലോക ഭിന്നശേഷിദിനം
തിരുവനന്തപുരം : സ്വന്തം കാലിൽ നിൽക്കണം, കുടുംബത്തിന് താങ്ങാകണം എന്നൊക്കെയുള്ള ആഗ്രഹത്തിലാണ് ചൂഴാറ്റുകോട്ട സ്വദേശിനി ബിന്ദു ജില്ലാ വികലാംഗക്ഷേമ പ്രിന്റിങ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെത്തിയത്. ഊന്നുവടിയുടെ സഹായത്തോടെ എത്തുന്ന വിമൽകുമാറും അമ്മയും കഴിയുന്നത് യൂണിറ്റിൽ നിന്നുള്ള വരുമാനത്തിലാണ്. നെടുമങ്ങാട്ടുനിന്ന് ലതികയെത്തുന്നത് മുച്ചക്രവാഹനത്തിലാണ്.
ഇങ്ങനെയുള്ള ഭിന്നശേഷിക്കാരായ 11 പേരുടെ ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ പ്രവർത്തിക്കുന്ന ഈ പ്രിന്റിങ് യൂണിറ്റിന് പറയാനുള്ളത്. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർക്ക് താങ്ങായി മറ്റ് ഏഴുപേർകൂടിയുണ്ട് ജോലിക്ക്.
വ്യവസായവകുപ്പിനു കീഴിൽ വരുന്ന സഹകരണ സ്ഥാപനമാണ് ജില്ലാ വികലാംഗക്ഷേമ പ്രിന്റിങ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പ്രിന്റിങ്, ബുക്ക് ബയന്റിങ്, അക്കൗണ്ട് ബുക്ക്, രജിസ്റ്റർ, ഫയൽ ബോർഡ് നിർമാണം എന്നിവയിൽ പരിശീലനവും തൊഴിലും നൽകുന്നു. സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്കാരം യൂണിറ്റിന് ആണ്.
ഓഫ്‌സെറ്റ് പ്രിന്റിങ്, കളർ പ്രിന്റിങ് എന്നിവയുമുണ്ട്. വിവിധ സർക്കാർ വകുപ്പുകൾക്കായി ആയിരക്കണക്കിന് അപേക്ഷാ ഫോമുകൾ അച്ചടിച്ചിരുന്നു. അപേക്ഷകൾ ഓൺലൈനായത് യൂണിറ്റിനെ ബാധിച്ചു. സാധാരണ അച്ചടി സ്ഥാപനങ്ങളുമായി മത്സരിക്കാനുമാകില്ല. ഷൈമാംബികയാണ് സെക്രട്ടറി. വിരമിച്ചവരും നിലവിലെ ജീവനക്കാരും അംഗങ്ങളാണ്. ഇ.എസ്.ഐ., ക്ഷേമനിധി, ബോണസ്, ഗ്രാറ്റുവിറ്റി, യാത്രാ അലവൻസ്, വിദ്യാഭ്യാസ ആനുകൂല്യം, പെൻഷൻ തുടങ്ങിയവയെല്ലാം ജീവനക്കാർക്ക് നൽകുന്നുണ്ട്. ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലെ 10 സെന്റിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇവിടേക്കുള്ള വഴി പൊട്ടിപ്പൊളിച്ചനിലയിലാണ്. ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് നടന്നും മുച്ചക്രവാഹനങ്ങളിൽ എത്താനും ബുദ്ധിമുട്ടാണ്.

Leave a comment