ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

03-12-2023

ആറ്റിങ്ങൽ : ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിലെ ദേശീയപാതയിൽ കല്ലമ്പലത്തിനു സമീപം ആഴാംകോണത്തുനിന്ന്‌ തുടങ്ങി മാമത്ത് അവസാനിക്കുന്നതാണ് ആറ്റിങ്ങൽ ബൈപ്പാസ്. 

ആറ്റിങ്ങൽ-ചിറയിൻകീഴ് റോഡിനെ രാമച്ചംവിളയിൽ മുറിച്ചുകൊണ്ടാണ് ബൈപ്പാസ് കടന്നുപോകുന്നത്. ഇവിടെ അടിപ്പാതയാണ് ഒരുക്കുന്നത്. 

ഇതിനായി ആറ്റിങ്ങൽ-ചിറയിൻകീഴ് റോഡ് മുറിച്ച് വശങ്ങളിലൂടെ സർവീസ് റോഡ് തയ്യാറാക്കിയപ്പോഴുണ്ടായ വീഴ്ചകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. ആറ്റിങ്ങലിൽനിന്ന് ചിറയിൻകീഴിലേക്കു പോകുന്ന വാഹനങ്ങൾ രാമച്ചംവിളയിൽനിന്ന് ഇടത്തേക്കുതിരിഞ്ഞ് കിഴക്കുഭാഗത്തുകൂടി പോയി ബൈപ്പാസ് മുറിച്ച് ചിറയിൻകീഴ് റോഡിലേക്കു കയറിപ്പോകണം. 

ചിറയിൻകീഴിൽനിന്നുള്ള വാഹനങ്ങൾ ഇതുപോലെ ഇടത്തേക്കു തിരിഞ്ഞ് ബൈപ്പാസ് മുറിച്ച് കയറ്റംകയറി ആറ്റിങ്ങലേക്കു പോകണം. ഒരു വാഹനത്തിനു കഷ്ടിച്ച് കടന്നുപോകാനുള്ള വീതിയേ ഈ സർവീസ് റോഡിനുള്ളൂ. ചിറയിൻകീഴ് ഭാഗത്തേക്കുള്ള വാഹനങ്ങൾ രാമച്ചംവിളയിൽനിന്ന്‌ ഇടത്തേക്കു തിരിയുന്ന ഭാഗത്ത് റോഡിനോടു ചേർന്ന് ഓടയുണ്ട്. ഈ ഓടയിൽനിന്ന് വാർക്കക്കമ്പികൾ ഉയർന്നുനിൽപ്പുണ്ട്. മെറ്റൽ പാകിയിരിക്കുന്ന റോഡിൽനിന്ന് ഇരുചക്രവാഹനങ്ങൾ തെന്നിയാൽ ഈ കുഴിയിലേക്കു വീഴും. 

വൻ അപകടത്തിനിടയാവുകയും ചെയ്യും. ചിറയിൻകീഴിൽനിന്നുള്ള വാഹനങ്ങൾ കയറിവന്നു പ്രധാന റോഡിലേക്കു കയറുന്ന ഭാഗത്തും ഇതുപോലെ ഓടയിൽനിന്നു കമ്പികൾ പുറത്തേക്ക്‌ തള്ളി ഉയർന്നുനിൽക്കുന്നതു കാണാം. റോഡിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതു രാത്രിയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അപകടക്കെണികൾ മുന്നിലെത്തിയശേഷമാകും കണ്ണിൽപ്പെടുന്നത്. കാൽനടയാത്രക്കാർക്കും ഇതു വലിയ ഭീഷണിയാണ്. ഈ ഭാഗത്ത്‌ വാഹനങ്ങൾ വന്നുതിരിയുമ്പോൾ ഒഴിഞ്ഞുനിൽക്കാൻപോലും ഇടമില്ല. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികളുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started