02-12-2023

പാറശ്ശാല : വീണ്ടുമൊരു ഭിന്നശേഷിദിനം ഞായറാഴ്ച ആചരിക്കുമ്പോഴും നമ്മുടെ സർക്കാർസ്ഥാപനങ്ങൾ ഭിന്നശേഷിസൗഹൃദമാക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല. പുതുതായി നിർമിക്കുന്ന ഓഫീസുകൾപോലും ഭിന്നശേഷിസൗഹൃമാക്കി മാറ്റുവാൻ അധികൃതർ തയ്യാറാകുന്നില്ല.
പാറശ്ശാല പഞ്ചായത്തിൽ പകുതിയിൽ അധികവും സർക്കാർ ഓഫീസുകൾ ഭിന്നശേഷിസൗഹൃദമല്ല. ഇരുപതോളം സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന പാറശ്ശാലയിലെ മിനി സിവിൽ സ്റ്റേഷനിൽ താഴത്തെനിലയിൽ മാത്രമാണ് ഭിന്നശേഷിക്കാർക്ക് പ്രവേശിക്കുവാൻ സാധിക്കുന്നത്.
താഴത്തെനിലയിലാകട്ടെ സ്ഥിതിചെയ്യുന്നത് മൂന്ന് സർക്കാർ ഓഫീസുകൾ മാത്രമാണ്. പൊതുജനങ്ങൾ കൂടുതൽ എത്തുന്ന കോടതിപോലും സ്ഥിതി ചെയ്യുന്നത് ഒന്നാംനിലയിലാണ്. കോടതിയിലേക്കെത്തുന്ന ഭിന്നശേഷിക്കാരനെ താഴത്തെനിലയിൽനിന്ന് ചുമന്നു കയറ്റേണ്ട സ്ഥിതിയാണുള്ളത്.
പഞ്ചായത്ത് ഓഫീസിലെ സ്ഥിതിയും വിഭിന്നമല്ല. പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസിലേക്ക് പോലും പടിക്കെട്ടുകൾ കടന്നുതന്നെ വേണം ഭിന്നശേഷിക്കാർക്ക് എത്തിച്ചേരുവാൻ. പാറശ്ശാല വില്ലേജ് ഓഫീസിനു മുന്നിലെ മൂന്ന് പടികൾ കടന്നുവേണം ഭിന്നശേഷിക്കാർ ഓഫീസിനുള്ളിലേക്ക് എത്തേണ്ടത്.
പാറശ്ശാല സബ് രജിസ്ട്രാർ ഓഫീസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. റാമ്പുകൾ നിർമിച്ചിട്ടുള്ള പലയിടത്തും പരസഹായമില്ലാതെ ഭിന്നശേഷിക്കാർക്ക് കടന്നുപോകുവാൻ സാധിക്കില്ല. കാരോട് പഞ്ചായത്തിലെ ചെങ്കവിള വി.ഇ.ഒ. ഓഫീസിലെ റാമ്പ് ഇതിന് ഉദാഹരണമാണ്.
അടുത്ത കാലത്ത് നിർമിച്ച പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് മന്ദിരം, പാറശ്ശാല സബ് ട്രഷറി എന്നിവിടങ്ങളിലും ഉപയോഗപ്രദമായ രീതിയിൽ റാമ്പുകൾ നിർമിച്ചിട്ടില്ല. നാളെ ലോക ഭിന്നശേഷിദിനം

Leave a comment