വിവിധ ആവശ്യങ്ങളുന്നയിച്ച് ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ റോഡ് ഉപരോധത്തിൽ നഗരം വലഞ്ഞു

02-12-2023

തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് ഭിന്നശേഷിക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ റോഡ് ഉപരോധത്തിൽ നഗരം വലഞ്ഞു. ഗതാഗതം വഴിതിരിച്ചുവിട്ടു. ആറു മണിക്കൂർ പിന്നിട്ടതോടെ നാട്ടുകാർ ഇടപെട്ടു. സമരക്കാരും നാട്ടുകാരുമായി കൈയാങ്കളിയിലേെക്കത്തിയതോടെ പോലീസ് ഇടപെട്ടു. തുടർന്ന് വൈകീട്ട് ഏഴു മണിയോടെ സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിനു മുന്നിലേക്ക് സമരം മാറ്റി. 

ഉച്ചയ്ക്ക് 12-ന് മുദ്രാവാക്യം മുഴക്കിയെത്തിയ ഭിന്നശേഷിക്കാർ എം.ജി. റോഡ് ഉപരോധിച്ചു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന കന്റോൺമെന്റ് പോലീസ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ ഗതാഗതം വഴിതിരിച്ചുവിട്ടു. കുറച്ചു കഴിഞ്ഞ് കന്റോൺമെന്റ് റോഡിലേക്കും സമരക്കാർ നിരന്നു. അതുവഴിയും വാഹനങ്ങൾക്കു പോകാൻ കഴിയാതായി. കയറിപ്പോകാൻ ശ്രമിച്ച വാഹനയാത്രികരുമായി സമരക്കാർ വാക്കേറ്റമുണ്ടായി. സെക്രട്ടേറിയറ്റ് പരിസരത്തെ റോഡുകൾ പലതും സഞ്ചാരയോഗ്യമല്ലാത്തതും ബുദ്ധിമുട്ടായി. അപ്രതീക്ഷിത ഗതാഗതതടസ്സത്തിൽ വഴിയാത്രക്കാർ വലഞ്ഞു. 

വൈകീട്ടായതോടെ സഹികെട്ട നാട്ടുകാർ സമരക്കാരെ ചോദ്യംചെയ്തു. വാക്കേറ്റം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ഇടപെട്ട് ഇരുകൂട്ടരെയും ശാന്തരാക്കി. പോലീസ് തങ്ങളെ റോഡിലൂടെ വലിച്ചിഴച്ചുമാറ്റിയെന്ന് ഭിന്നശേഷിക്കാർ ആരോപിച്ചു. തുടർന്നാണ് സമരം സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നിലേക്കു മാറ്റിയത്. റോഡ് ഉപരോധിച്ചതിന്, കണ്ടാലറിയുന്ന അൻപതോളം പേർക്കെതിരേ കേസെടുത്തെന്ന് കന്റോൺമെന്റ് ഇൻസ്പെക്ടർ പറഞ്ഞു.

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന താത്കാലിക ജോലി ചെയ്ത് പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. അധികൃതരുമായി ചർച്ചനടത്തിയ ശേഷമേ സമരം അവസാനിപ്പിക്കൂവെന്ന് ഭിന്നശേഷിക്കാരുടെ സംയുക്ത കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് ബാബു പത്തനംതിട്ട, വൈസ് പ്രസിഡന്റ് മുസ്തഫ, ജനറൽ സെക്രട്ടറി ടി.ബിനു എന്നിവർ പറഞ്ഞു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started