നവീകരിക്കാനായി ചെക്കാലവിളാകം ചന്ത ഉടൻ പൊളിക്കും. ഇതോടെ ചന്തയ്ക്കു പിന്നിൽ താമസിക്കുന്ന കുടുംബങ്ങൾക്കു വഴി നഷ്ടമാകുമെന്ന് ആശങ്ക

02-12-2023

കടയ്ക്കാവൂർ : നവീകരിക്കാനായി ചെക്കാലവിളാകം ചന്ത ഉടൻ പൊളിക്കും. ഇതോടെ ചന്തയ്ക്കു പിന്നിൽ താമസിക്കുന്ന കുടുംബങ്ങൾക്കു വഴി നഷ്ടമാകുമെന്ന് ആശങ്ക. പത്തോളം കുടുംബങ്ങളാണു ചന്തയ്ക്കു പിന്നിൽ താമസിക്കുന്നത്. 60 വർഷത്തോളമായി ചന്തയ്ക്കകത്തുകൂടിയുള്ള വഴിയിലൂടെയാണ് ഇവർ വീടുകളിലെത്തുന്നത്. ചന്ത പൊളിച്ചാൽ ഇതിലൂടെ നടക്കാൻ കഴിയില്ലെന്നതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. ചന്തയുടെ പുറകുവശത്തെ മതിലിനോടു ചേർന്നാണ് കുടുംബങ്ങൾ താമസിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഇവിടെ ചന്ത ആരംഭിക്കുന്ന കാലംമുതൽക്കേ ഇവർ ഇവിടെ താമസിക്കുന്നവരാണ്. 

തുറസ്സായ സ്ഥലത്ത് ആരംഭിച്ച ചന്തയിൽ കാലക്രമേണ ഓരോ വിഭാഗം കച്ചവടക്കാർക്കുമായി പുതിയ കെട്ടിടങ്ങളും ചുറ്റുമതിലും അധികൃതർ പണിയുകയുണ്ടായി. അപ്പോഴും ചന്തയ്ക്കകത്തുകൂടി വീടുകൾക്കുള്ളിലേക്ക് പ്രവേശിക്കുന്നതിനായി ഇവർക്ക് വാഹനസൗകര്യമുള്ള വഴിയും അധികൃതർ നൽകിയിരുന്നു. ചന്ത നവീകരിക്കുന്നതിന്റെ ഭാഗമായി ഒന്നരവർഷം മുമ്പ് കച്ചവടക്കാരെ പൂർണമായും ഒഴിപ്പിച്ച് ചന്തയിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. അന്ന് വഴിക്കു തടസ്സമൊന്നും ഉണ്ടാകില്ലെന്ന് അധികൃതരുടെ ഉറപ്പും കുടുംബങ്ങൾക്ക് ലഭിച്ചിരുന്നു. 

എന്നാൽ, ചന്തയിലെ കെട്ടിടങ്ങൾ പൊളിച്ച് പണി ആരംഭിക്കുന്നതോടെ നിലവിലെ വഴി പൂർണമായും അടയും. ഇതു ചൂണ്ടിക്കാട്ടി കുടുംബങ്ങൾ അധികൃതരെ സമീപിച്ചപ്പോൾ ചന്തയുടെ പടിഞ്ഞാറുഭാഗത്തുകൂടി ചുറ്റിക്കറങ്ങി ഒരു മീറ്റർ വഴി നൽകാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പ്രായമായവരും രോഗികളുമൊക്കെയുള്ള കുടുംബങ്ങൾക്ക് ഇത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണ്. മൂന്ന്‌ മീറ്റർ വഴിയെങ്കിലും നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വാഹനം പോകുന്ന വഴി നൽകണം

:24 വർഷത്തെ പ്രവാസജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. വീട്ടിൽ ബേക്കറിസാധനങ്ങൾ ഉണ്ടാക്കി കച്ചവടം നടത്തുകയാണ്. വഴിയില്ലാതായാൽ കച്ചവടം പൂട്ടേണ്ട അവസ്ഥയാണ്. 3 മീറ്റർ വഴി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.

മാലിന്യ സംസ്കരണം തോന്നുംപോലെ

:ചന്തയ്ക്കുള്ളിൽക്കൂടിയുള്ള വഴിയല്ലാതെ പുറത്തിറങ്ങാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ലാത്ത കുടുംബങ്ങൾ മലിനജലത്താലും മാലിന്യങ്ങളാലും ഏറെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്. 

കച്ചവടം കുറവായിരുന്ന സമയത്ത് മാലിന്യങ്ങളും അതുപോലെ കുറവായിരുന്നു. ക്രമേണ ആളുകളും കച്ചവടവും വർധിച്ചതോടെ മാലിന്യങ്ങളും വർധിക്കാൻ തുടങ്ങി. മാലിന്യങ്ങൾ ശരിയായരീതിയിൽ സംസ്കരിക്കാതെ ചന്തയുടെ പുറകുവശത്ത് തള്ളിയതോടെ ഇവിടെ താമസിക്കുന്ന ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ തുടങ്ങി. 

വഴിയുള്ള ഭാഗം വിട്ട് പഞ്ചായത്ത് ചുറ്റുമതിൽ നിർമിച്ചെങ്കിലും അസഹനീയമായ ദുർഗന്ധവും മഴക്കാലത്തെ മലിനജലവും ഒരു മതിൽക്കെട്ടിനിപ്പുറം താമസിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ സ്വൈരജീവിതം താറുമാറാക്കാൻ തുടങ്ങി. കാലങ്ങളായി ഇവയെല്ലാം തരണം ചെയ്തുകൊണ്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started