സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ക്വിസ് മത്സരങ്ങളോടെ ഇന്ന് തുടങ്ങും

30-11-2023

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ക്വിസ് മത്സരങ്ങളോടെ വ്യാഴാഴ്ച തുടങ്ങും. രാവിലെ 11-ന് കോട്ടൺഹിൽ സ്കൂളിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷയാകും. നാല് ദിവസങ്ങളിൽ 180 മത്സരയിനങ്ങളിലായി 7500-ഓളം വിദ്യാർഥികൾ മേളയുടെ ഭാഗമാകും. 

ബോയ്സ് മോഡൽ എച്ച്.എസ്.എസിൽ രജിസ്‌ട്രേഷനും മറ്റു വേദികളിൽ എച്ച്.എസ്. വിഭാഗം ക്വിസ് മത്സരങ്ങളുമാണ് മേളയുടെ ആദ്യദിനത്തിൽ.

സെയ്ന്റ് ജോസഫ് സ്കൂൾ(ശാസ്ത്രമേള), ഗവ. ഗേൾസ് എച്ച്.എസ്.എസ്. പട്ടം(ഗണിതശാസ്ത്രമേള), കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസ്.(സാമൂഹികശാസ്ത്ര-ഐ.ടി. മേള), വി.എച്ച്.എസ്.എസ്. മണക്കാട്(വൊക്കേഷണൽ എക്സ്‌പോ-കരിയർ ഫെസ്റ്റ്) എന്നിവിടങ്ങളാണ് മറ്റുവേദികൾ.

മേളയിലെത്തുന്ന വിദ്യാർഥികൾക്കായി 25 സ്കൂളുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. വേദികളിലെല്ലാം വിദ്യാർഥികൾക്കും അധ്യാപകർക്കും ഭക്ഷണം നേരിട്ടെത്തിക്കുമെന്നും സംഘാടകസമിതി അറിയിച്ചു. മത്സരങ്ങൾ നടക്കുന്ന വേദികളിലെല്ലാം പോലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ് സേവനങ്ങൾ ലഭ്യമാണ്. 

കർശന സുരക്ഷാക്രമീകരണങ്ങളും പരിശോധനയും ഉണ്ടാകും.

മറ്റു ജില്ലകളിൽനിന്നെത്തുന്ന വിദ്യാർഥികൾക്കായി റെയിൽവേ സ്റ്റേഷനിലും ബസ്‌ സ്റ്റാൻഡിലും ഹെൽപ് ഡെസ്‌കുകൾ ഒരുക്കിയിട്ടുണ്ട്. വിവിധ ഡിപ്പാർട്‌മെന്റുകളെ സംയോജിപ്പിച്ചുകൊണ്ട് ഒരുക്കങ്ങൾ പൂർണമായിട്ടുണ്ട്.

മത്സരങ്ങളുടെ മൂല്യനിർണയത്തിനുശേഷം മേള കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് പ്രവേശനം.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി തൈക്കാട് മോഡൽ എൽ.പി.എസിൽ തയ്യാറാക്കുന്ന ഊട്ടുപുരയുടെ പാലുകാച്ചൽകർമം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started