കണ്ണിലെ കൃഷ്ണമണി പോലെയാണ് മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍

28-11-2023

കണ്ണിലെ കൃഷ്ണമണി പോലെയാണ് മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങള്‍. അവര്‍ക്ക് എന്തെങ്കിലും രോഗം വന്നാല്‍പ്പോലും നെഞ്ചില്‍ തീയായിരിയ്ക്കും ഇവര്‍ക്ക്. അത്തരം സാഹചര്യങ്ങളില്‍ നെഞ്ചോട് ചേര്‍ത്തു വച്ചിരിയ്ക്കുന്ന കുഞ്ഞുങ്ങളെ കാണാതായി, അവരെ തട്ടിക്കൊണ്ടുപോയി തുടങ്ങിയ വാര്‍ത്തകള്‍ ആധിയോടെയാണ് ഓരോരുത്തരും കേള്‍ക്കുന്നതും കാണുന്നതും. അടുത്ത കാലത്തായി കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിയ്ക്കുന്നു. കേരളത്തില്‍ നിന്നും ഒരു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയിയെന്ന വാര്‍ത്തകള്‍ക്ക് പുറകിലാണ് ഇപ്പോള്‍ നാടും നാട്ടുകാരും. നമ്മുടെ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാന്‍ നമുക്കെന്ത് ചെയ്യാന്‍ സാധിയ്ക്കും എന്നതാണ് ആലോചിയ്‌ക്കേണ്ട കാര്യം.

കുഞ്ഞുങ്ങളുടെ സുരക്ഷയുറപ്പാക്കാന്‍ നാം ആദ്യം ചെയ്യേണ്ട ഒന്ന് കുഞ്ഞുങ്ങളെ അപരിചിതരില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വേണ്ട മുന്നറിയിപ്പുകള്‍ നല്‍കണം എന്നത് തന്നെയാണ്. അപരിചിതരില്‍ നിന്നും ഒന്നും വാങ്ങരുതെന്നും അവര്‍ വിളിച്ചാല്‍ പോകരുതെന്നും അത്തരക്കാരെ കണ്ടാല്‍ വീട്ടില്‍ അറിയിക്കണമെന്നുമെല്ലാം കുട്ടികള്‍ക്ക് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കുക തന്നെ വേണം. മാത്രമല്ല, അപരിചിതരോ ഇത്തരം വാഹനങ്ങളോ ഈ ഭാഗത്ത് തുടര്‍ച്ചയായി കാണുന്നുവെങ്കില്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം. കൊല്ലത്ത് നിന്നും കാണാതായ കുട്ടിയും സഹോദരനും ഇത്തരം ഒരു കാര്‍ ആ പരിസരങ്ങളില്‍ അടുത്തടുത്ത ദിവസങ്ങളിലായി കണ്ടതായി വീട്ടില്‍ അറിയിച്ചിരുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ നാം നിസാരമായി തള്ളിക്കളയരുത്

കഴിവതും ചെറിയ കുട്ടികളെ, ഇവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ പോലും ഒറ്റയ്ക്ക് വിടാതിരിയ്ക്കുക. നമുക്ക് കൊണ്ടുചെന്നാക്കാവുന്ന, കൊണ്ടുവരാന്‍ കഴിയുന്ന രീതിയാണെങ്കില്‍ ഇത് ചെയ്യുക. നമ്മുടെ തിരക്കുകളേക്കാള്‍, സമയത്തേക്കാള്‍ വിലയുള്ളത് തന്നെയാണ് നമ്മുടെ കുട്ടികള്‍. ഇതുപോലെ നമ്മുടെ കുട്ടികള്‍ തൊട്ടയല്‍പക്കങ്ങളില്‍ പോകുമ്പോള്‍ പോലും ഇത്തരം ശ്രദ്ധയുണ്ടാകണം. അവിടെയും കുഞ്ഞുങ്ങള്‍ സുരക്ഷിതരാണന്നെ് ഉറപ്പാക്കണം. ഒരുമിച്ച് കുട്ടികള്‍ ട്യൂഷനോ സ്‌കൂളിലോ നടന്ന് പോകുന്നവരാണെങ്കില്‍ ഓരോ ദിവസം ഓരോരുത്തരുടെ രക്ഷിതാക്കളില്‍ ആരെങ്കിലും എന്ന രീതിയില്‍ പോകാം.

കുട്ടികളെ മറ്റ് വാഹനങ്ങളില്‍ കയറ്റി സ്‌കൂളിലോ മറ്റോ വിടുന്നുവെങ്കിലും സ്‌കൂള്‍ ബസുകളെയോ വിശ്വാസ്യതയുള്ളവരുടെ വാഹനങ്ങളിലോ വിടാന്‍ ശ്രദ്ധിയ്ക്കുക. അല്‍പം കൂടുതല്‍ കുട്ടികള്‍ ഒരുമിച്ച് പോകുന്ന വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നത് തന്നെയാണ് നല്ലത്. ഇതുപോലെ നിങ്ങളുടെ കുട്ടികളുടെ ഫോട്ടോകളോ ഇവരെക്കുറിച്ചുള്ള വിവരങ്ങളോ സമൂഹമാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിയ്ക്കാതിരിയ്ക്കുക. ഇത് ഇവരുടെ സുരക്ഷയുടെ കൂടി പ്രശ്‌നമാണ്. ഉദാഹരണത്തിന് പ്രസിദ്ധരായവരുടെ, ധനികരായവരുടെ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ ഇവരെ തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാന്‍ നടക്കുന്ന പല സംഘങ്ങളുമുണ്ട്.

കാറുകളിലോ സ്‌ട്രോളറുകളിലോ ഒന്നും തന്നെ കുട്ടികളെ ഒറ്റക്കിരുത്തി മാതാപിതാക്കള്‍ പോകരുത്. തിരക്കുള്ള ഷോപ്പിംഗ് മാളുകള്‍, തിയേറ്ററുകള്‍, ഫംങ്ഷനുകള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ കൂട്ടുകൂടി നടക്കുകയാണെങ്കില്‍ പോലും അവരുടെ മേല്‍ ഒരു കണ്ണുണ്ടാകണം. അവര്‍ തങ്ങളുടെ കണ്‍വെട്ടത്ത് ഉണ്ടാകണമെന്ന് നിഷ്‌കര്‍ഷിയ്ക്കണം. എവിടെ പോകണം, പോകരുത്, എപ്പോള്‍ വരണം എന്നതിനെ കുറിച്ചെല്ലാം വ്യക്തമായ മാര്‍ഗനിര്‍ദേശം അല്‍പം മുതിര്‍ന്നവരാണെങ്കിലും കുട്ടികള്‍ക്ക് നല്‍കണം. ചെറിയ കുട്ടികളെ യാതൊരു കാരണവശാലും മേല്‍പ്പറഞ്ഞ ഇടങ്ങളില്‍ ഒറ്റയ്‌ക്കോ കൂട്ടായോ തന്നെ വിടാതിരിയ്ക്കുക.

കുട്ടികള്‍ക്ക് തങ്ങളുടെ വീട്, സ്ഥലം, അഡ്രസ്, ഫോണ്‍മ്പര്‍ എന്നിവയെല്ലാം അറിയാമെന്ന് ഉറപ്പ് വരുത്തുക. ഇത് അപരിചിതരുമായി പങ്കുവയ്ക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്യുക. ആരെങ്കിലും അക്രമിയ്ക്കാന്‍ ശ്രമിച്ചാല്‍ ഉറക്കെ നിലവിളിക്കാനും സമീപത്തുള്ളവരെ സഹായത്തിനായി സമീപിയ്ക്കാനും കുട്ടികളെ പറഞ്ഞ് പഠിപ്പിയ്ക്കുക. വീട്ടില്‍ കുട്ടികളെ ഒറ്റയ്ക്ക് ആക്കാതിരിയ്ക്കുക. ഇങ്ങനെയെങ്കില്‍ വീട്ടില്‍ കുട്ടി ഒറ്റയ്ക്കാണെന്ന കാര്യം പരസ്യപ്പെടുത്താതിരിയ്ക്കുക. വിശ്വസിയ്ക്കാവുന്നവരെ ഇവരുടെ മേല്‍നോട്ടം ഏല്‍പ്പിയ്ക്കുക. പരിചയമില്ലാത്തവര്‍ വന്നാല്‍ വാതില്‍ തുറക്കരുതെന്നും ആവശ്യം വന്നാല്‍ അടുത്തുള്ളവരെയോ രക്ഷിതാക്കളെയോ വിളിയ്ക്കണമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started