സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ബയോഫ്ളോക്ക് മത്സ്യക്കൃഷിയിലൂടെ കടക്കെണിയിലായത് നിരവധിപേർ

26-11-2023

പാറശ്ശാല : സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ബയോഫ്ളോക്ക് മത്സ്യക്കൃഷിയിലൂടെ കടക്കെണിയിലായത് നിരവധിപേർ. ലക്ഷക്കണക്കിനു രൂപ വായ്പയെടുത്ത് കൃഷി തുടങ്ങിയവരാണ് നഷ്ടത്തിൽ കൃഷി അവസാനിപ്പിച്ചതോടെ കടക്കെണിയിലായത്. പദ്ധതി നടത്തിപ്പിൽ ഫിഷറീസ് വകുപ്പിനുണ്ടായ വീഴ്ചയും തിരിച്ചടിയായി.

ചെറിയ സ്ഥലത്ത് കൂടുതൽ മത്സ്യം വളർത്തി വിളവെടുപ്പ് എന്ന ആശയത്തിലാണ് ഫിഷറീസ് വകുപ്പ് ബയോഫ്ളോക്ക് മത്സ്യക്കൃഷി പദ്ധതി പഞ്ചായത്തുകൾ വഴി നടപ്പാക്കിയത്. 

ടാർപ്പോളിൻ ഉപയോഗിച്ചു നിർമിക്കുന്ന കൃത്രിമ കുളങ്ങളിൽ എയറേറ്റർ ഉപയോഗിച്ച് ഓക്‌സിജൻ നൽകി ബയോഫ്ളോക്ക് ഉപയോഗിച്ച് ജലം മലിനമാകാതെയാണ് നടപ്പാക്കിയത്. ഒരു ലക്ഷം രൂപ മുതൽ പത്തു ലക്ഷം രൂപവരെ ഇത്തരത്തിലുള്ള പദ്ധതികളിൽ കർഷകർ മുടക്കിയിരുന്നു. ലക്ഷം രൂപയ്ക്ക് മുപ്പതിനായിരം രൂപവരെ സർക്കാർ സബ്‌സിഡി നൽകിയെങ്കിലും ഉയർന്ന വൈദ്യുതി നിരക്കും മത്സ്യത്തീറ്റയുടെ വില ഉയർന്നതും കൃഷി നഷ്ടമാക്കി. കിലോയ്ക്ക് 20 രൂപ മാത്രം വിലയുണ്ടായിരുന്ന മത്സ്യത്തീറ്റ 120 രൂപയോളം ഉയർന്നതോടെ പലരും മത്സ്യക്കൃഷി പൂർണമായും ഉപേക്ഷിച്ചു. ലക്ഷങ്ങൾ വായ്പയെടുത്ത് കൃഷി ആരംഭിച്ചവർക്കു ലഭിച്ച സബ്‌സിഡി തുക മാത്രമാണ് തിരിച്ചടയ്ക്കാനായത്.

‌തിരിച്ചടിക്കു നിരവധി കാരണങ്ങൾ

വലിയ പ്രതീക്ഷയോടെ നടപ്പാക്കിയ സർക്കാർപദ്ധതി തകിടം മറിഞ്ഞതിനു പിന്നിൽ നിരവധി കാരണങ്ങളാണ് കർഷകർ പറയുന്നത്‌. ലക്ഷങ്ങൾ ചെലവുവരുന്ന ബയോഫ്ളോക്കിനു പകരം പ്രകൃതിദത്തമായി സ്വകാര്യ, പൊതു കുളങ്ങളിൽ പദ്ധതി നടപ്പാക്കിയിരുന്നുവെങ്കിൽ മുതൽമുടക്ക് കുറയുമായിരുന്നു.

സംസ്ഥാനത്താകെ എല്ലാ പഞ്ചായത്തുകളിലും ഒരേ ഇനം മത്സ്യത്തെ വൻതോതിൽ കൃഷിചെയ്യാൻ ആരംഭിച്ചത് മത്സ്യത്തിന്റെ വില കുത്തനെ ഇടിയുന്നതിനു കാരണമായി. തിലോപ്പിയ മത്സ്യം ആണ് എല്ലായിടത്തും കൃഷിചെയ്തത്. 

സബ്‌സിഡി നിരക്കിലുള്ള വൈദ്യുതി നിരക്കാണ് നൽകിയിരുന്നതെങ്കിലും ബയോഫ്ളോക്ക് പ്രവർത്തിപ്പിക്കുന്നതിന് ഇരുപത്തിനാലു മണിക്കൂറും എയറേറ്റർ പ്രവർത്തിപ്പിക്കേണ്ടതുണ്ട്.

ഇതുമൂലം പല കർഷകർക്കും മാസം വൈദ്യുതി നിരക്കുതന്നെ രണ്ടായിരത്തിനു മുകളിലായിരുന്നു. 

മത്സ്യക്കൃഷി അവസാനിപ്പിച്ചെങ്കിലും ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഉപകരണങ്ങൾപോലും വിൽക്കാൻ സാധിക്കാതെ കർഷകർക്കു ബാധ്യതയായി മാറി.

പഠിക്കാതെ നടപ്പാക്കിയ പദ്ധതി 

ചെറുകിട കർഷകരാണ് ഇത്തരം രീതികൾ അവലംബിക്കുന്നത്. പ്രാരംഭ ചെലവുകൾ ഏറെ വേണ്ടിവരുന്ന ഇത്തരം പദ്ധതികൾ വിശദമായി പഠിച്ചുവേണം സർക്കാർ വകുപ്പുകൾ അവതരിപ്പിക്കാൻ. കുളങ്ങളിൽ മത്സ്യക്കൃഷി പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിൽ കർഷകർക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാമായിരുന്നു. ഇത്തരം പദ്ധതികൾക്ക് ഫിഷറീസ് വകുപ്പ് മുൻഗണന നൽകേണ്ടതാണ്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started