വിനോദസഞ്ചാര സീസണു തുടക്കമായിട്ടും പാപനാശം കുന്നുകളിൽ സുരക്ഷാവേലിയില്ല, ക്യാമറകൾ പ്രവർത്തിക്കുന്നില്ല, വഴിവിളക്കുകൾ കത്തുന്നില്ല

26-11-2023

വർക്കല : വിനോദസഞ്ചാര സീസണു തുടക്കമായിട്ടും പാപനാശം കുന്നുകളിൽ സുരക്ഷയൊരുക്കുന്നില്ല. ആവശ്യമായ സുരക്ഷാവേലി ഇല്ലാത്തതും വഴിവിളക്കുകൾ കത്താത്തതും കുന്നിന്റെ അഗ്രഭാഗത്ത് അപകടസാധ്യത സൃഷ്ടിക്കുകയാണ്. ഹെലിപ്പാഡ്‌ മുതൽ തിരുവമ്പാടിവരെ ടൂറിസം വകുപ്പ് സ്ഥാപിച്ച സുരക്ഷാ ക്യാമറകളെല്ലാം നശിച്ചതും സുരക്ഷാഭീഷണിയാണ്.

സുരക്ഷാവേലി ഇല്ലാത്തത് ആയിരക്കണക്കിനു സഞ്ചാരികൾ എത്തുന്ന പാപനാശം കുന്നിനെ അപകടമുനമ്പാക്കുന്നു. കുന്നിനോടു തൊട്ടുചേർന്നാണ് നടപ്പാതയുള്ളത്. പലഭാഗത്തും നടപ്പാത കഴിഞ്ഞാൽ കുഴിയാണ്. 

കുന്നിൻമുകളിലെ ഭൂമിയുടെ ഘടനയറിയാത്ത, രാത്രി ഇതുവഴിപ്പോകുന്ന വിനോദസഞ്ചാരികൾ അപകടങ്ങളിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. 

ഹെലിപ്പാഡ്‌ മുതൽ തിരുവമ്പാടിവരെയുള്ള ഭാഗത്ത് സുരക്ഷാവേലിയുടെ അഭാവമുണ്ട്. കുന്നിൽനിന്നു വീണ് വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ എല്ലാ സീസണിലും ഉണ്ടാകാറുണ്ട്. 

എന്നാൽ സ്ഥിരംവേലി സ്ഥാപിക്കാനുള്ള നടപടികളൊന്നും ഈ സീസണിലും സ്വീകരിച്ചിട്ടില്ല. ഹെലിപ്പാഡ്‌ ഭാഗത്തുമാത്രമാണ് സ്ഥിരം സുരക്ഷാവേലിയുള്ളത്. നടപ്പാതയോടു ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമുന്നിൽ അവർ സ്ഥാപിച്ച താത്കാലിക വേലികളാണ് നിലവിലുള്ളത്. പലയിടത്തും കയർ കെട്ടിയാണ് സുരക്ഷയൊരുക്കിയിട്ടുള്ളത്.

വഴിവിളക്കുകൾ കത്താത്തതിനാൽ രാത്രിയിൽ സ്ഥാപനങ്ങൾ അടച്ചുകഴിഞ്ഞാൽ നടപ്പാതയിലുൾപ്പെടെ ഇരുട്ടാണ്. 

മദ്യലഹരിയിലും മറ്റും സഞ്ചരിക്കുന്നവർ രാത്രിയിൽ താഴേക്കു പതിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 

സഞ്ചാരികൾ എത്തുന്ന ചിലക്കൂർ ആലിയിറക്കം, ഇടവ മാന്തറ ഭാഗങ്ങളിലും സുരക്ഷാവേലിയില്ല. ഇവിടെ കുന്നിന്റെ അഗ്രഭാഗംവരെ വാഹനങ്ങളെത്തും. 

കഴിഞ്ഞ ജൂലായിൽ മാന്തറയിൽ ഓട്ടോറിക്ഷ കുന്നിൽനിന്നു താഴേക്കുവീണ് ഡ്രൈവർ മരണപ്പെട്ടിരുന്നു.

ആലിയിറക്കം കുന്നിൽനിന്നു നിയന്ത്രണംതെറ്റി കാർ താഴേക്കു പതിച്ച് ചെന്നൈ സ്വദേശികളായ നാല്‌ എൻജിനിയറിങ് വിദ്യാർഥികൾക്കു പരിക്കേറ്റ സംഭവവും ഉണ്ടായി. 

കഴിഞ്ഞ ജൂണിൽ പാപനാശം കുന്നിൽനിന്നുവീണ് തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്കേറ്റിരുന്നു. സെപ്റ്റംബറിൽ പോലീസിനെ വെട്ടിച്ചോടിയ യുവാവിനും കുന്നിൽനിന്നു വീണ് പരിക്കേറ്റു. 

ടൂറിസം മന്ത്രിയായശേഷം മുഹമ്മദ് റിയാസ് വർക്കല ടൂറിസം മേഖല സന്ദർശിച്ചപ്പോഴാണ് സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ നടപടിയായത്. 

എന്നാൽ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞപ്പോഴേക്കും അവ കേടായിത്തുടങ്ങി. 

കാലാവസ്ഥയെ പ്രതിരോധിക്കുന്നരീതിയിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന് ടൂറിസം മേഖലയിലുള്ളവർ ആവശ്യപ്പെട്ടിരുന്നെങ്കിലും ചെവിക്കൊണ്ടില്ല. പലയിടത്തും ക്യാമറകൾ കേബിളിൽ തൂങ്ങിക്കിടക്കുന്ന സ്ഥിതിയിലാണ്. 

പലതും മോഷണവും പോയിട്ടുണ്ട്. ഹെലിപ്പാഡിലുള്ള പോലീസിന്റെ രണ്ട് ക്യാമറകൾ മാത്രമാണിപ്പോൾ സുരക്ഷയ്ക്കായുള്ളത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started