നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. 30 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം

25-11-2023

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. 30 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. കരമന കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട്ടിലിന് സമീപം വളവ് കഴിഞ്ഞെത്തുമ്പോഴാണ് അപകടം. അമിതവേഗത്തിൽ എത്തിയ ഇരു ബസുകളും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മുഴുവൻ പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചു. രണ്ട് ഡ്രൈവർമാരുടെയും പരിക്ക് ഗുരുതരമാണ്.

ഇന്നലെ രാത്രി പത്തരയ്ക്ക് തിരുവനന്തപുരത്തുനിന്ന് നെയ്യാറ്റിൻകരയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ബസിൽതന്നെ ഒരു യാത്രക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അപകടം. രണ്ടു ബസും ഇറക്കം ഇറങ്ങിവരുന്നതിനിടെ വൻ ശബ്ദത്തോടുള്ള കൂട്ടിയിടിക്കുകയായിരുന്നു. നെയ്യാറ്റിൻകര ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിലായിരുന്നു യാത്രികരെയും ബസ് ഡ്രൈവറെയും രണ്ടു ബസുകളിൽനിന്ന് പുറത്തെടുത്തത്.

ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻവശം പൂർണമായി തകർന്നു. തിരുവനന്തപുരത്തുനിന്നു നാഗർകോവിലിലേക്കും നാഗർകോവിലിൽനിന്നു തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് കൂട്ടിയിടിച്ചത്. ഇരു ബസുകളിലെയും ഡ്രൈവർമാരായ അനിൽ കുമാർ, എംഎസ് സുനി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ബസിനുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും ഫയർ ഫോഴ്സിൻ്റെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ബസിലെ കണ്ടക്ടർമാരായ ജി ധന്യ, രാജേഷ് എന്നിവർക്കും പരിക്കുണ്ട്.

മൂന്നുകല്ലിന്മുട്ടിലിനു സമീപം റോഡിലെ വെളിച്ചക്കുറവും അപകടത്തിന് ഇടയാക്കിയെന്നാണു സൂചന. വൻ ശബ്ദം കേട്ട് ഓടിക്കൂടിയവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started