പതിനാറുകാരൻ ഹരി നാരായണനുവേണ്ടി തലസ്ഥാനത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്ററിൽ ഹൃദയം എത്തിച്ചു

25-11-2023

കൊച്ചി: പതിനാറുകാരൻ ഹരി നാരായണനുവേണ്ടി തലസ്ഥാനത്ത് നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്റ്ററിൽ ഹൃദയം എത്തിച്ചു. കായംകുളം സ്വദേശിയായ ഹരിനാരായണന് ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖമാണ് ഉണ്ടായരുന്നത്. ഹരി നാരയണന്‍റെ സഹോദരൻ സൂര്യനാരായണൻ 2021 ൽ സമാനമായ അസുഖം മൂലം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

സൂര്യനാരായണന് വേണ്ടിയും സംസ്ഥാന സർക്കാരിന്‍റെ ഹെലികോപ്റ്ററിലായിരുന്നു തിരുവനന്തപുരത്തു നിന്നും ഹൃദയം എത്തിച്ചത്. സൂര്യനാരായണൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ലിലി ആശുപത്രിയിലാണ് ഹരിനാരായണന്‍റെ ശസ്ത്രക്രിയ. ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണിത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്.

ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ഹൃദയം എടുക്കുന്നതിനായി ഇന്നലെ രാത്രിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിയിരുന്നു. ബോൾഗാട്ടി ഗ്രാന്‍റ് ഹയാത്ത് ഹെലിപ്പാഡിലേക്കാണ് തലസ്ഥാനത്ത് ഹൃദയവുമായി ഹെലികോപ്റ്റർ പറന്നിറങ്ങിയത്.

10:20 ഓടെയാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 11:12ന് കൊച്ചിയിലെത്തി. ഹെലികോപ്ടറില്‍ നിന്ന് അവയവങ്ങളടങ്ങിയ ബോക്സുകള്‍ കൈപ്പറ്റിയ ജീവനക്കാര്‍ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളിലേക്ക് പോവുകയായിരുന്നു. ഹയാത്തിൽനിന്ന് വെറും രണ്ടര മിനിറ്റ് കൊണ്ടാണ് ലിസി ആശുപത്രിയിലേക്ക് ഹൃദയവുമായി വാഹനം എത്തിയത്. പോലീസ് ഇടപെട്ടാണ് ഗതാഗതം ക്രമീകരിച്ചത്.

മസ്തിഷ്‌ക മരണം സംഭവിച്ച സ്റ്റാഫ് നഴ്‌സ് കൂടിയായിരുന്ന സെല്‍വിന്‍ ശേഖറിന്‍റെ ഹൃദയമാണ് ഹരിനാരായണന് നൽകുന്നത്. ഹൃദയത്തിന് പുറമെ മറ്റു അവയവങ്ങളും സെൽവിന്‍റെ കുടുംബം ദാനം ചെയ്തിരുന്നു. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ 2 രോഗികള്‍ക്ക് നല്‍കും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെലികോപ്റ്റര്‍ ക്രമീകരിച്ചത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started