24-11-2023

നെടുമങ്ങാട് : നെടുമങ്ങാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ വിദ്യാർഥിനികളുടെ കൂട്ടത്തല്ല്. കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ബസ് കാത്തുനിന്ന കുട്ടികളിൽ രണ്ടുപേർ വട്ടപ്പേരു വിളിച്ചു എന്ന കാരണത്തെച്ചൊല്ലിയാണ് പരസ്പരം വാക്കേറ്റമായത്. രണ്ട് സ്കൂളുകളിൽ നിന്നെത്തിയ കുട്ടികൾ ചേരിതിരിഞ്ഞു.
ഇതിനിടെ തർക്കത്തിലേർപ്പെട്ട പെൺകുട്ടികൾ അടി ആരംഭിച്ചു. പത്തുമിനിറ്റോളം തല്ല് നീണ്ടു. പെൺകുട്ടികൾ തമ്മിലുള്ള അടികാണാൻകിട്ടിയ അവസരം യാത്രക്കാരും പാഴാക്കിയില്ല. വൻ ജനക്കൂട്ടത്തിന്റെ നടുവിലായിരുന്നു പെൺകുട്ടികളുടെ കൈയാങ്കളി. കണ്ടുനിന്ന പെൺകുട്ടികളുടെ കൂട്ടുകാരികളും മറ്റ് വിദ്യാർഥികളും ചേർന്നാണ് വല്ലവിധേനെയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. സംഭവം നടക്കുമ്പോൾ പോലീസ് എയ്ഡ് പോസ്റ്റിൽ ആളുണ്ടായിരുന്നില്ല. പോലീസുകാരാരും സ്റ്റാൻഡിന്റെ പരിസരത്തുപോലും ഇല്ലായിരുന്നു. ഡിപ്പോ ജീവനക്കാരും കാഴ്ചക്കാരായി നിന്നു.
നെടുമങ്ങാട് ഡിപ്പോയിൽ കുട്ടികളുടെ കൂട്ടത്തല്ലും ലഹരിമരുന്നുകളുടെ ഉപയോഗവും സ്ത്രീകൾക്കു നേരേയുള്ള കൈയേറ്റവും സമീപകാലത്ത് വർധിച്ചു വരുകയാണ്. എന്നിട്ടും വിളിപ്പാടകലെയുള്ള പോലീസ് സ്റ്റേഷനിൽനിന്ന് ഒരു പോലീസുകാരനെപ്പോലും ഡ്യൂട്ടിക്കിടാൻ തയ്യാറല്ല.

Leave a comment