
24-11-2023
തിരുവനന്തപുരം : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരം ഞായറാഴ്ച രാത്രി 7-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിനായി ടീമുകൾ വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തെത്തും. ശനിയാഴ്ച സ്റ്റേഡിയത്തിൽ ടീമുകൾ പരിശീലനത്തിനിറങ്ങും. സ്റ്റേഡിയം ലോകകപ്പ് സന്നാഹ മത്സരത്തിനായി പൂർണമായും സജ്ജമാക്കിയിരുന്നു. പരിശീലനത്തിന് സ്‌റ്റേഡിയത്തിനു പുറത്ത് രണ്ട് പുതിയ പിച്ചുകളും നിർമിച്ചിട്ടുണ്ട്.
ഗ്രീൻഫീൽഡിൽ പരിശീലനത്തിനുള്ള സ്ഥലത്തും ഫ്ളഡ്‌ലിറ്റ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുതിയ ലൈറ്റുകളും ഘടിപ്പിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഡ്രസിങ് റൂം പൂർണമായും പുതുക്കിപ്പണിതു. ഗാലറിയിൽ അറ്റകുറ്റപ്പണികൾ നടത്തി കോർപ്പറേറ്റ് ബോക്‌സുകളും നവീകരിച്ചു. ഏകദേശം രണ്ടുകോടിയുടെ നവീകരണമാണ് കെ.സി.എ. സ്റ്റേഡിയത്തിൽ നടത്തിയിരിക്കുന്നത്.
: കഴിഞ്ഞദിവസങ്ങളിൽ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്തത് ക്രിക്കറ്റ് പ്രേമികളിൽ ആശങ്കയുണർത്തിയിരുന്നു. എന്നാൽ, അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നും ഞായറാഴ്ച മഴയ്ക്ക് സാധ്യതയില്ലെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് മാത്രമാണ് വകുപ്പിന്റെ നിഗമനം. കഴിഞ്ഞമാസം ഗ്രീൻഫീൽഡിൽ നിശ്ചയിച്ചിരുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങൾ മഴ കാരണം നടന്നിരുന്നില്ല.

Leave a comment