23-11-2023

കടയ്ക്കാവൂർ: കടയ്ക്കാവൂർ മാർക്കറ്റ് നവീകരണത്തിന് ഫണ്ട് കിട്ടിയിട്ടും പണിയൊന്നും നടക്കുന്നില്ലെന്ന് പരാതി.
മാർക്കറ്റ് നവീകരണത്തിനായി കിഫ്‌ബി ഫണ്ടിൽനിന്ന് രണ്ടേമുക്കാൽ കോടി രൂപ അനുവദിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു. ഗവ.ഹോമിയോ ആശുപത്രി ഉൾപ്പെടെയുള്ള കടകൾ ഒഴിപ്പിച്ചു. സ്റ്റാളുകളുടെ നവീകരണം പ്രതീക്ഷിച്ചാണ് ഇവിടുത്തെ കച്ചവടക്കാർ മറ്റ് സൗകര്യപ്രദമായ സ്ഥലം കിട്ടാതെ സാധനങ്ങൾ വാരിയൊതുക്കി കടകൾ ഒഴിഞ്ഞുകൊടുത്തത്. മാർക്കറ്റിന്റെ നവീകരണം നീളുന്നതോടെ കച്ചവടക്കാരുടെ ജീവിതവും പ്രതിസന്ധിയിലായി.
കടയ്ക്കാവൂർ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റായിരുന്ന വർഷങ്ങൾ പഴക്കമുള്ള ചെക്കാലവിളാകം മാർക്കറ്റ് മാറ്റിയതോടെ സമീപത്തെ കടകളിലും കച്ചവടം പ്രതിസന്ധിയിലായി. മാർക്കറ്റ് നവീകരിക്കുന്നതോടെ പുതിയ കടമുറികൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ കടകളൊഴിഞ്ഞു കൊടുത്തത്.എന്നാൽ ഇപ്പോൾ കച്ചവടക്കാർ റോഡരികിലും കടത്തിണ്ണകളിലുമാണ് കച്ചവടം നത്തുന്നത്. മേൽക്കൂരയോ ഷെഡുകളോ ഇല്ലാത്തതിനാൽ കച്ചവടക്കാരുടെ സാധനങ്ങൾ പലപ്പോഴും മഴയത്ത് നനഞ്ഞ് കുതിർന്ന് പോകുന്നുണ്ട്. മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളമൊഴുകുന്നതും കച്ചവടക്കാർക്ക് വലിയ പ്രശ്നമാണ്.
ആശുപത്രിയും മാറ്റി
വ്യാപാര സ്ഥാപനത്തിന് മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഗവ.ഹോമിയോ ഡിസ്പെൻസറി മാറ്റിയതും ജനങ്ങൾക്ക് തിരിച്ചടിയായി. ഡിസ്പെൻസറിക്ക് സ്വകാര്യ കെട്ടിടം വാടകയ്ക്ക് എടുത്തതിൽ ഇപ്പോൾത്തന്നെ രണ്ട് ലക്ഷത്തിൽപ്പരം രൂപ പഞ്ചായത്തിന് നഷ്ടമാണ്.
കടകൾ ഒഴിപ്പിച്ചു
നവീകരണത്തിന്റെ പേരിൽ മാർക്കറ്റിലെ കടകൾ ഒഴിപ്പിച്ചു. ഇതോടെ മാർക്കറ്റിന്റെ വാടകയിനത്തിൽ നാല് ലക്ഷത്തോളം പഞ്ചായത്തിന് നഷ്ടം വന്നു. വർഷം രണ്ട് കഴിഞ്ഞിട്ടും കടകൾ പൊളിക്കാനുള്ള നടപടിപാേലും എങ്ങുമെത്തിയില്ല. ഈ രീതി തുടർന്നാൽ കടകൾ നവീകരിച്ച് എന്ന് ഉദ്ഘാടനം നടത്താൻ കഴിയുമെന്നതിനെക്കുറിച്ച് പഞ്ചായത്ത് അധികൃതർക്ക് പോലും യാതൊരുപിടിയുമില്ല.

Leave a comment