‘എന്നെ അറിയിക്കുകയൊന്നും വേണ്ട സാറെ, സാറ് വേഗം അവരെ കണ്ടുപിടിച്ച് കൊടുക്കണം..

23-11-2023

തലശേരി: ട്രെയിനില്‍ നിന്നും കളഞ്ഞുകിട്ടിയ മൂന്നര പവന്‍ സ്വര്‍ണമാല ആര്‍പിഎഫ് ഓഫിസറെ ഏല്‍പ്പിക്കുമ്പോഴും രമണി അമ്മ ഒന്നേ പറഞ്ഞുള്ളു..’എന്നെ അറിയിക്കുകയൊന്നും വേണ്ട സാറെ, സാറ് വേഗം അവരെ കണ്ടുപിടിച്ച് കൊടുക്കണം..അവര്‍ക്ക് വേവലാതിയുണ്ടാവും’…ഇതും പറഞ്ഞ് ഇറങ്ങാന്‍ പോകാനിരുന്ന രമണിയമ്മയുടെ വിവരങ്ങള്‍ എഴുതിവെക്കാന്‍ സ്റ്റേഷന്‍ എസ്ഐ മനോജ് കുമാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ശരിക്കും സത്യസന്ധതയുടെ ആഴം മനസിലായത്.

തലശേരി സ്വദേശിയായ 67വയസുള്ള രമണിയമ്മ വര്‍ഷങ്ങളായി ചെറുവത്തൂര്‍ ടൗണില്‍ നടന്ന് ലോട്ടറി വില്‍ക്കുകയാണ്. തലശേരിയിലെ കാവുംഭാഗത്ത് പണി തീരാത്ത ഒറ്റ മുറി വീട്ടിലാണ് താമസം. നടക്കാന്‍ കഴിയാത്ത ഭര്‍ത്താവിന്റെയും മകളുടെയും ഏക ആശ്രയം. മൂന്നരപവന്റെ മാല കയ്യില്‍ കിട്ടിയപ്പോഴും പോലീസുകാരനോട് രമണിയമ്മ പറഞ്ഞത് അര്‍ഹതയില്ലാത്ത ഭാഗ്യം വേണ്ടെന്നാണ്. അപ്പോഴും നഷ്ടപ്പെട്ടവരുടെ വേദന മാത്രമേ രമണിയമ്മ ഓര്‍ത്തുള്ളൂ. രമണിയമ്മയെ യാത്രയാക്കിയ ശേഷം ഉടമയെ കിട്ടിയാല്‍ അസി.കലക്ടറെ ഉള്‍പ്പെടെ വിളിച്ച് അനുമോദിക്കാനും പദ്ധതിയിട്ടെങ്കിലും രമണിയമ്മ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നെന്ന് എസ്ഐ മനോജ് കുമാര്‍ പറഞ്ഞു.

പതിവായി ചെന്നൈ മെയില്‍ എക്‌സ്പ്രസിലാണ് രമണിയമ്മ വീട്ടിലേക്ക് മടങ്ങുക. ഇന്നലെ ട്രെയിന്‍ തലശേരി എത്താറാവുമ്പോഴാണ് ബോഗിയില്‍ വച്ച് മാല കളഞ്ഞു കിട്ടുന്നത്. ട്രെയിനില്‍ വച്ച് ഡ്യൂട്ടിയിലുള്ള പോലിസുകാരനെ അറിയിച്ച് ഉടമയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സ്റ്റേഷനില്‍ ഇറങ്ങി ആര്‍പിഎഫ് ഓഫിസിലെത്തി മാല ഏല്‍പ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും യാത്രക്കാര്‍ ഉള്‍പ്പെടുന്ന വാട്‌സാപ് ഗ്രൂപ്പിലും പോലിസ് അറിയിപ്പ് നല്‍കി. രാത്രി വൈകിയാണ് തലശേരി മേലൂര്‍ സ്വദേശി പ്രീതയാണ് മാലയുടെ അവകാശിയെന്ന് കണ്ടെത്തിയത്

മംഗലാപുരത്തെ ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടെ ട്രെയിനില്‍ വച്ച് മാല നഷ്ടപ്പെട്ടതാണെന്നും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴാണ് മാല നഷ്ടമായത് ശ്രദ്ധിച്ചതെന്നും ഇവര്‍ പറഞ്ഞു. ഇന്നലെ രാവിലെ തന്നെ പ്രീതയും കുടുംബാംഗങ്ങളും തലശേരി സ്റ്റേഷനിലെ ആര്‍പിഎഫ് ഓഫിസിലെത്തി. പിന്നാലെ രമണിയമ്മയും എത്തി. എസ്ഐ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ മാല തിരിച്ചേല്‍പ്പിക്കുമ്പോള്‍ പ്രീത പൊട്ടിക്കരഞ്ഞു. രമണിയമ്മയെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പൊന്നാടയണിച്ച് ആദരിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started