21-11-2023

വർക്കല : എസ്.എൻ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിനു മുന്നിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. കൊടിതോരണങ്ങൾ കെട്ടുന്നതും തുടർന്നു നടന്ന യോഗങ്ങളുമായി ബന്ധപ്പെട്ടാണ് ഇരുസംഘടനകളും മുഖാമുഖം വന്നത്. പോലീസ് ഇടപെട്ടാണ് സംഘർഷമൊഴിവാക്കിയത്. ഹാജർ തികഞ്ഞില്ലെന്ന കാരണം പറഞ്ഞ് എസ്.എഫ്.ഐ. സ്ഥാനാർഥിയുടെ നാമനിർദേശപത്രിക സ്വീകരിച്ചില്ലെന്ന വിവാദം കോളേജിൽ നിലനിൽക്കുകയാണ്. ഇതിന്റെപേരിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മാറ്റിവെച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.യും കെ.എസ്.യു.വും തിങ്കളാഴ്ച കോളേജിനു മുന്നിൽ പ്രതിഷേധം നടത്താൻ നിശ്ചയിച്ചിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ.എസ്.യു.വിന് ഒത്താശ ചെയ്ത അധ്യാപികയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ എസ്.എഫ്.ഐ. പ്രതിഷേധസദസ്സ് നടത്തി. ഈ സമയം കോളേജിനു മുന്നിൽ കെ.എസ്.യു. പ്രവർത്തകർ കൊടിതോരണങ്ങൾ കെട്ടുകയായിരുന്നു. തങ്ങളുടെ പതാക മറച്ചാണ് കെട്ടിയതെന്നു പറഞ്ഞ് എസ്.എഫ്.ഐ. പ്രവർത്തകർ എതിർത്തു. തർക്കമായതോടെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
ഉച്ചകഴിഞ്ഞാണ് കെ.എസ്.യു.വിന്റെ സമരപരിപാടി നിശ്ചയിച്ചിരുന്നത്. എസ്.എഫ്.ഐ. പരിപാടി നടത്തിയതിനു തൊട്ടടുത്താണ് കെ.എസ്.യു.വും പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ബാനർ കെട്ടിയപ്പോൾ അതിനെ മറച്ച് എസ്.എഫ്.ഐ.യുടെ ഒരു കൊടിയിരുന്നു. അതു മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. തുടർന്ന് പ്രവർത്തകർ പരസ്പരം പോർവിളിക്കുകയും കൈയാങ്കളിയിലേക്കു നീങ്ങുകയും ചെയ്തു. തടയാൻ ശ്രമിച്ച പോലീസുമായും എസ്.എഫ്.ഐ. പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. വർക്കല സ്റ്റേഷനിലെ പോലീസുകാരനായ സുജിത്തിന്റെ കൈവിരലിനു പരിക്കേറ്റു. ഒരു എസ്.എഫ്.ഐ. പ്രവർത്തകനെ പോലീസ് പിടികൂടി ജീപ്പിൽ കയറ്റി. വിവരമറിഞ്ഞ് അയിരൂർ, അഞ്ചുതെങ്ങ്, പള്ളിക്കൽ തുടങ്ങിയ സ്റ്റേഷനുകളിൽനിന്നു കൂടുതൽ പോലീസ് സ്ഥലത്തെത്തി.
ഇരുകൂട്ടരുമായും ചർച്ച ചെയ്ത് പോലീസ് സംഘർഷാവസ്ഥ ഒഴിവാക്കി. സർവകലാശാല ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. കോളേജിനു മുന്നിൽ നിരാഹാരം ആരംഭിച്ചു.

Leave a comment