20-11-2023

കലബുറഗി: സ്കൂളിൽ ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ സാമ്പാറിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനി മരിച്ചു. കർണാടകയിലെ കൽബുറഗി ജില്ലയിലെ അഫ്‌സൽപൂർ താലൂക്കിലെ ചിൻംഗേര സർക്കാർ പ്രൈമറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി മഹന്തമ്മ ശിവപ്പ (7) എന്ന കുട്ടിയാണ് ഞായറാഴ്ച പുലർച്ചെ 3.30ന് ആശുപത്രിയിൽ മരിച്ചത്. സാമ്പാർ പാത്രത്തിൽ വീണ് ഗുരുതരമായി കുട്ടി ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ചയാണ് കുട്ടി ചൂടുള്ള സാമ്പാറിൽ വീണത്. സ്കൂളിലെ അടുക്കളയിൽ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിക്കൊണ്ടിരുന്ന സാമ്പാറിലേക്ക് കുട്ടി അബദ്ധത്തിൽ തെന്നി വീഴുകയായിരുന്നു. അമ്പത് ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടൻതന്നെ ചൗദാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്ക് കൽബുറഗിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി. ഇവിടെ നിന്നും വെള്ളിയാഴ്ച കല്‍ബുറഗിയിലെ ബസവേശ്വര ആശുപത്രിയിലേക്കും പിന്നീട് ശനിയാഴ്ച ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലും എത്തിച്ചു.
രക്ഷിതാക്കളുടെ നിർബന്ധത്തെ തുടർന്നാണ് കുട്ടിയെ കല്‍ബുറഗിയിലെ ബസവേശ്വര ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ അമ്മ സംഗീത ശിവപ്പ നൽകിയ പരാതിയിൽ ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ അടുക്കളയിലെ പാചകക്കാർ, സ്കൂൾ ഹെഡ്മിസ്ട്രസ്, ഉച്ചഭക്ഷണ പദ്ധതി അസിസ്റ്റൻ്റ് ഡയറക്ടർ, അഫ്സൽപൂർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ, അഫ്സല്‍പൂര്‍ താലൂക്ക് പഞ്ചായത്ത് ഓഫീസര്‍, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
സ്കൂൾ ഉച്ചഭക്ഷണ സമയത്ത് കുട്ടികൾ സാമ്പാർ പാത്രത്തിന് ചുറ്റം എത്തിയിരുന്നതായി അധികൃതർ ഇത് ശ്രദ്ധിച്ചിരുന്നില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടികൾ തിക്കും തിരക്കുമുണ്ടാക്കുന്ന സാഹചര്യമുണ്ടായിരുന്നു. കുട്ടികൾക്ക് സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നുണ്ട്. വലിയ പാത്രത്തിൽ 40 ലിറ്റർ സാമ്പാർ ഉണ്ടായിരുന്നുവെന്നും പാത്രത്തിലേക്ക് കുട്ടി വഴുതിവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർമാർ ശനിയാഴ്ച സ്‌കൂൾ സന്ദർശിച്ചു. കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകിയിരുന്നതായി അധികൃതർ അറിയിച്ചു. അപകടത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിൻ്റെ തീരുമാനം.

Leave a comment