20-11-2023

കൊച്ചി: ആലപ്പുഴ – എറണാകുളം തീരദേശ റെയിൽപാതയിലെ യാത്രാബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാസഞ്ചർ ട്രെയിനിൽ വായ മൂടിക്കെട്ടി പ്ലക്കാർഡുമായി യാത്രക്കാരുടെ പ്രതിഷേധം. എഎം ആരിഫ് എംപിയും യാത്രക്കാരോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. തീരദേശപാതയിലെ സ്ഥിരം യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വന്ദേ ഭാരതിനുവേണ്ടി സ്ഥിരം ട്രെയിനുകൾ ഏറെനേരെ പിടിച്ചിടുന്നു. ഇരട്ടപാത നവീകരണം നടക്കുന്നില്ല. സമയത്തിന് ഓഫീസിലെത്താൻ കഴിയുന്നില്ല, തുടങ്ങിയ കാര്യങ്ങളാണ് യാത്രക്കാർ ഉന്നയിക്കുന്നത്
വന്ദേ ഭാരത് വരുന്നതിന് മുൻപ് 6 മണിക്കാണ് നിന്ന് പാസഞ്ചർ പുറപ്പെട്ടിരുന്നത്. വന്ദേ ഭാരത് വന്നതോടുകൂടി അത് 6:05 ആക്കി, 40 മിനിറ്റ് മുതൽ ഒരുമണിക്കൂർവരെ പിടിച്ചിടുകയും ചെയ്തെന്ന് യാത്രക്കാർ പറയുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത കുമ്പളം സ്റ്റേഷനിലാണ് പിടിച്ചിട്ടിരുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ബാഡ്ജ് ധരിക്കുകയും എറണാകുളത്ത് പരാതി എഴുതി നൽകുകയും ചെയ്തു. അതിന്‍റെ പ്രതികാരമെന്നോണം പാസഞ്ചറിന്‍റെ സമയം 6:05ൽ നിന്ന് 6:25ലേക്ക് ആക്കുകയാണ് റെയിൽവേ ചെയ്തതെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. വന്ദേ ഭാരതിന്‍റെ സമയം പുനഃക്രമീകരിക്കാൻ കഴിയുന്നില്ലെങ്കിൽ സാധാരണക്കാർ യാത്ര ചെയ്യുന്ന പാസഞ്ചർ പോലെയുള്ള വണ്ടികൾക്ക് പരിഗണന നൽകണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
തീരദേശപാതയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെങ്കിൽ പാത ഇരട്ടിപ്പിക്കേണ്ടതുണ്ടെന്ന് എഎം ആരിഫ് എംപി പറഞ്ഞു. പാത ഇരട്ടിപ്പിക്കലിന് അനുകൂല നിലപാട് കേന്ദ്രം ഇപ്പോൾ സ്വീകരിച്ചിട്ടുണ്ട്. 2660 കോടി രൂപയാണ് എറണാകുളം – അമ്പലപ്പുഴ പാതയ്ക്കായി അനുവദിച്ചിട്ടുള്ളത്. അതിൽ ആദ്യത്തെ സ്ട്രെച്ച് എറണാകുളം – തുറവൂർ ഭൂമി ഏറ്റെടുക്കലിന് തുക നിക്ഷേപിച്ച് കഴിഞ്ഞു. അത് വേഗത്തിൽ നടക്കുന്നുണ്ടെന്നും എംപി പറഞ്ഞു.
തുറവൂർ – അമ്പലപ്പുഴ ഭാഗത്തെ നിർമാണത്തിന്‍റേത് ക്യാബിനറ്റിന്‍റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഇത് രണ്ടര വർഷമെങ്കിലും എടുക്കും. വന്ദേ ഭാരത് സർവീസ് ആലപ്പുഴയിലൂടെ യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാരുടെ സ്വപ്നമായിരുന്നു. അതിന് ശ്രമിച്ചു, ലഭിച്ചു. പക്ഷേ പ്രശ്നം വന്നത് നേരത്തെ ആറ് മണിയ്ക്ക് പുറപ്പെട്ടിരുന്ന പാസഞ്ചർ ട്രെയിൻ 6:25 ആക്കിയതാണ്. അങ്ങോട്ടുള്ള യാത്രയേക്കാൾ ബുദ്ധിമുട്ട് തിരിച്ചുള്ള വരവാണ്. രാത്രി 9 മണിയൊക്കെയാകും കായംകുളത്ത് എത്തിച്ചേരാൻ. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണെന്നും എംപി പറഞ്ഞു.
നിലവിലെ സമയക്രമത്തിൽ കായംകുളം പാസഞ്ചർ പിന്നിടുന്ന സ്റ്റേഷനുകളിൽ നിന്ന് ബസ് സർവീസുകൾ ലഭിക്കാതെ വരികയാണ്. മറ്റു മാർഗ്ഗമില്ലാതെ സ്ത്രീകൾ ജോലി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് ഉള്ളതെന്നും റെയിൽവേയുടെ ഈ നിലപാട് മൂലം അന്നം മുടക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു. രാത്രി വളരെ വൈകി സ്റ്റേഷനുകളിൽ ഇറങ്ങേണ്ടി വരുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വവും ഭീഷണിയിലാണെന്നും യാത്രക്കാർ പറയുന്നു.

Leave a comment