19-11-2023

വിഴിഞ്ഞം : ജനറേറ്ററിനും എൻജിന്റെ ടർബോ സംവിധാനത്തിനും തകരാറുണ്ടായതിനെത്തുടർന്ന് വിദേശ എണ്ണക്കപ്പൽ വിഴിഞ്ഞം തീരക്കടലിൽ അടുപ്പിച്ചു. ബംഗ്ലാദേശിലെ ചിറ്റാഗോങ് തുറമുഖത്തുനിന്ന് ഷാർജയിലേക്കു പോകുകയായിരുന്ന എം.ടി.എം.എസ്.ജി. എന്ന കപ്പലിനാണ് യാത്രയ്ക്കിടെ തകരാറുണ്ടായത്.
തുടർന്ന് മാരിടൈം ബോർഡിന്റെ വിഴിഞ്ഞത്തുള്ള അധികൃതരുമായി ബന്ധപ്പെട്ട് കപ്പലിന്റെ ക്യാപ്‌ടൻ സഹായം ആവശ്യപ്പെടുകയായിരുന്നു.
ഉൾക്കടലിലായിരുന്ന കപ്പലിന് ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി 7.30-ഓടെ വിഴിഞ്ഞം തുറമുഖ പരിധിയിൽ അടുപ്പിച്ചു.
സാങ്കേതികത്തകരാറുകൾ പരിഹരിക്കുന്നതിനുള്ള സ്പെയർ പാർട്‌സുകൾ ദുബായിൽനിന്നു വ്യാഴാഴ്ച ഉച്ചയോടെ വിമാനത്തിൽ എത്തിച്ചു.
തുറമുഖ പർസർ വിനുലാൽ, കൺസർവേറ്റർ അജീഷ് മണി എന്നിവരുടെ നേതൃത്വത്തിൽ സാങ്കേതികവിദഗ്ധരെയും ഉപകരണങ്ങളെയും ടഗ്ഗിൽ കപ്പലിലെത്തിച്ചു.
ഡോവിൻസ് റിസോഴ്‌സ് എന്ന ഏജൻസിയാണ് കപ്പലിനുള്ള സഹായം നൽകുന്നത്. 24 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. തകരാർ പരിഹരിച്ച് ശനിയാഴ്ച വൈകീട്ടോടെ പുറപ്പെടാനാകുമെന്നാണ് സാങ്കേതികവിദഗ്ധർ നൽകിയ വിവരമെന്ന് തുറമുഖ പർസർ അറിയിച്ചു.

Leave a comment