
19-11-2023
തിരുവനന്തപുരം : ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്റെ ആവേശംനിറഞ്ഞ് തലസ്ഥാനവും. ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം ലൈവായി കാണാനുള്ള സംവിധാനമൊരുക്കിയാണ് നഗരം ക്രിക്കറ്റ് പ്രേമികളെ വരവേൽക്കുന്നത്. ക്ലബ്ബുകളും കായിക സംഘടനകളും പലയിടത്തും ബിഗ് സ്ക്രീൻ ഒരുക്കിക്കഴിഞ്ഞു.
നഗരസഭയുടെ നേതൃത്വത്തിൽ കോട്ടയ്ക്കകത്ത് ശ്രീചിത്തിര തിരുനാൾ പാർക്കിൽ ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ തത്സമയം പ്രദർശിപ്പിക്കും. മാളുകളിലും ക്രിക്കറ്റ് ടർഫുകളിലും തത്സമയ പ്രദർശനമുണ്ടാകും.
ശനിയാഴ്ച നഗരത്തിലെല്ലായിടത്തും ഇന്ത്യൻ ടീമിന്റെ ജഴ്‌സികൾ വില്പനയ്ക്കെത്തിയിരുന്നു. ടീമിന്റെ ജഴ്‌സിയും ദേശീയ പതാകയുമുൾപ്പെടെ ആരാധകർ വാങ്ങിക്കൂട്ടി. ഇന്ത്യൻ ടീമിന് പിന്തുണയുമായി ഞായറാഴ്ച ആരാധകർ നഗരത്തിന്റെ വിവിധയിടങ്ങളിൽ ഒത്തുചേരും.
ലോകകപ്പ് ഫൈനലിനു മുന്നോടിയായി യൂത്ത് കോൺഗ്രസ് സ്പോർട്‌സ് സെല്ലിന്റെ നേതൃത്വത്തിൽ ഖേൽ ഫോർ യൂണിറ്റി ക്രിക്കറ്റ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ഒപ്പം വിരാട് കോലിയുടെ അമ്പതാം സെഞ്ചുറി കേക്ക് കട്ട് ചെയ്ത് ആഘോഷിച്ചു. കേരള രഞ്ജി ട്രോഫി മുൻ ക്യാപ്റ്റൻ ജഗദീഷ് വി.എ.., രഞ്ജി താരം ഷോൺ റോജർ എന്നിവർ മുഖ്യാതിഥികളായി. സ്‌പോർട്‌സ് സെൽ ചെയർമാൻ വിൽസൺ റോബിൻസൺ, പ്രൊഫ. നീതു രഘുവരൻ, വിഷ്ണു നാരായണൻ, പ്രസാദ് കുറുപ്പ് എന്നിവർ പങ്കെടുത്തു.

Leave a comment