16-11-2023

പാറശ്ശാല : ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിനുമുന്നിലെ റോഡിൽ സീബ്രാവരകൾ ഇല്ല. കുട്ടികൾക്ക് അപകടഭീഷണിയാവുകയാണിത്.
വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ കൊച്ചുകുട്ടികളടക്കമുള്ള വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുന്നത് ജീവൻപണയംവെച്ച്. പ്രധാന റോഡായിട്ടും സ്കൂൾ മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കുവാൻ അധികൃതർ തയ്യാറായിട്ടില്ല.
ടിപ്പർ ലോറികളടക്കം ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന കരമന കളിയിക്കാവിള പാതയ്ക്കുസമീപമാണ് സ്കൂൾ. പോസ്റ്റോഫീസ് ജങ്ഷനു സമീപത്തെ ഗാന്ധിപാർക്കിനു മുന്നിലാണ് വിദ്യാർഥികൾ റോഡ് മുറിച്ചുകടന്ന് സ്കൂളിലേക്ക് പോകുന്നത്. മുന്പ് ഇവിടെ സീബ്രാ വരകളുണ്ടായിരുന്നു.
എന്നാൽ, കഴിഞ്ഞ തവണ റോഡ് റീടാർ ചെയ്തശേഷം മറ്റിടങ്ങളിൽ റോഡിൽ ട്രാഫിക് മുന്നറിയിപ്പുകൾ രേഖപ്പെടുത്തി. എന്നാൽ, ഇവാൻസ് ഹൈസ്കൂളിനു മുന്നിൽ സീബ്രാവരകൾ വരയ്ക്കുവാൻ അധികൃതർ ശ്രദ്ധിച്ചില്ല. ട്രാഫിക് ഡ്യൂട്ടിയിലുള്ളവർ സ്റ്റോപ്പ് ബോർഡ് അടക്കം കാണിച്ചാൽപ്പോലും വിദ്യാർഥികൾ റോഡുമുറിച്ച് കടക്കുമ്പോൾ വാഹനങ്ങൾ നിർത്താതെ കടന്നുപോകുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. നിരവധി തവണ ഇവിടെ സീബ്രാവരകൾ നിർമിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതരും നാട്ടുകാരും നിരവധിതവണ നിവേദനങ്ങൾ നൽകിയിട്ടും അനുകൂലനടപടി സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ല.
സ്കൂൾ സമയത്ത് ബൈക്കിലെത്തുന്ന അഭ്യാസ സംഘങ്ങളും വിദ്യാർഥികൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്. അമിതശബ്ദം പുറപ്പെടുവിച്ച് അമിത വേഗതയിൽ എത്തുന്ന ബൈക്ക് സംഘങ്ങളും അപകടസാധ്യത കൂട്ടുന്നുണ്ട്.

Leave a comment