15-11-2023

തിരുവനന്തപുരം: നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ കേരളത്തിലെ എട്ട് ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട – പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് എട്ട് ട്രെയിനുകളുടെ സർവീസുകൾ പൂർണമായി റദ്ദാക്കിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
പതിനെട്ടാം തീയതി മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), എറണാകുളം – ഷൊർണൂർ മെമു എക്സ്പ്രസ് (06018), എറണാകുളം – ഗുരുവായൂർ എക്സ്പ്രസ് (06448) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
പത്തൊൻപതാം തീയതി തിരുവനന്തപുരം – മംഗലാപുരം മാവേലി എക്സ്പ്രസ് (16604), ഷൊർണൂർ – എറണാകുളം മെമു എക്സ്പ്രസ് (06017), ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് (06449), എറണാകുളം – കോട്ടയം (06453), കോട്ടയം – എറണാകുളം (06434) ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻ സർവീസ് പുനഃരാംഭിക്കുന്നത് സംബന്ധിച്ച തീയതികൾ റെയിൽവേ അറിയിച്ചിട്ടില്ല.
ട്രെയിൻ റദ്ദാക്കിയത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായി റെയിൽവേ അറിയിച്ചു. സംസ്ഥാനത്ത് ട്രെയിൻ യാത്രക്കാർ ദുരിതം നേരിടുന്നതിനിടെയാണ് എട്ട് ട്രെയിനുകൾ റദ്ദാക്കിയത്. രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചതോടെ സംസ്ഥാനത്തൂടെ സർവീസ് നടത്തുന്ന പല ട്രെയിനുകളും പിടിച്ചിടുന്നതും സ്റ്റേഷനിൽ എത്താൻ വൈകുന്നതും പതിവാണ്.
യത്രക്കാരിൽ നിന്ന് എതിർപ്പ് രൂക്ഷമായതോടെ സംസ്ഥാനത്തൂടെ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ റെയിൽവേ അനുവദിച്ചിരുന്നു. പാലക്കാട് ഡിവിഷന് കീഴിലെ എക്സ്പ്രസ്, സ്പെഷ്യൽ ട്രെയിനുകൾക്കാണ് അധികമായി സെക്കൻഡ് ക്ലാസ് കോച്ചുകൾ അനുവദിച്ചത്.

Leave a comment