അസ്ഫാക് ആലം ഉൾപ്പെടെ തൂക്കുകയർ വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷ കാത്തുകഴിയുന്നത് തടവുകാർ 21

15-11-2023

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അസ്ഫാക് ആലത്തിന് തൂക്കുകയർ വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷ കാത്തുകഴിയുന്ന തടവുകാർ 21 ആയി. പട്ടികയിലെ 20 പേരും ശിക്ഷാവിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഒമ്പത് പേരാണ് നിലവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത്. കണ്ണൂരിൽ നാല് പേരുണ്ട്.

കേരള സംസ്ഥാനം രൂപീകൃതമായശേഷം കണ്ണൂർ ജയിലിൽ 26 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. കണ്ണൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിൽ മാത്രമാണ് തൂക്കുമരമുള്ളത്. തൂക്കിലേറ്റുന്നതിന് ജയിൽ വകുപ്പിൽ നിലവിൽ ആരാച്ചർമാരില്ല. ജയിലുദ്യോഗസ്ഥർക്ക് പരിശീലനം നേടി ശിക്ഷ നടപ്പാക്കാൻ കഴിയും. ആലുവ കേസിലെ പ്രതി അഫ്സാക്കിന്‍റെ വധശിക്ഷ നടപ്പിലാകണമെങ്കിൽ ഇനിയും നടപടികൾ ഏറെയുണ്ട്. പോക്സോ കോടതിവിധി ഹൈക്കോടതി ആദ്യം ശരിവെക്കേണ്ടതുണ്ട്.

ഇന്നലെ 197 പേജുള്ള വിധി ന്യായത്തിൽ ഒപ്പുവെച്ച ശേഷം ജഡ്ജി കെ സോമൻ പേനയുടെ നിബ് മേശപ്പുറത്ത് കുത്തി ഒടിച്ചശേഷം അത് ജീവനക്കാർക്ക് കൈമാറിയിരുന്നു. വധശിക്ഷ വിധിച്ച് ഒപ്പുവച്ച പേനകൾ ജഡ്ജിമാർ പിന്നീട് ഉപയോഗിക്കാറില്ല.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രാജേന്ദ്രൻ, നരേന്ദ്രകുമാർ, പരിമാൾ സാഹു, വിശ്വനന്ദൻ എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിലുള്ളത്. പെരുമ്പാവൂർ കൊലപാതക കേസിലെ പ്രതി അമിറുൾ ഇസ്‌ലാം, ജോമോൻ, രഞ്ജിത്ത്, സുനിൽകുമാർ എന്നിവർ വിയ്യൂർ സെൻട്രൽ ജയിലിലാണുള്ളത്. വിയ്യൂർ അതിസുരക്ഷാ ജയിലിൽ റജികുമാർ, അബ്ദുൾ നാസർ, തോമസ് ചാക്കോ എന്നിവർ നിലവിൽ കഴിയുന്നുണ്ട്.

തിരുവനന്തപുരം സെൻട്രൽ ജയിൽ ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല പ്രതി കെ ജിതകുമാർ, അട്ടക്കുളങ്ങര ബോംബേറ് കേസിലെ അജിത് കുമാർ, അനിൽകുമാർ (ജാക്കി-ജെറ്റ് സന്തോഷ് വധം), നിനോ മാത്യു (ആറ്റിങ്ങൽ ഇരട്ടക്കൊല), ലബലു ഹസൻ( ചെങ്ങന്നൂർ ഇരട്ടക്കൊല), ഗിരീഷ്, അനിൽകുമാർ (കൊളുത്തു ബിനു), അരുൺശശി, സുധീഷ് എന്നിവരാണ് തിരുവനന്തപുരം സെൻട്രൽ ജയിലിലുള്ളത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started