14-11-2023

വിഴിഞ്ഞം: കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുമായി രണ്ടാമത്തെ കപ്പലെത്തിച്ചേർന്നു. ഇന്നലെ വൈകിട്ട് 3.05ഒാടെയാണ് ഷെൻഹുവ 29 എന്ന ചൈനീസ് കപ്പൽ ബർത്തിലെത്തിയത്.
മൂന്ന് ഷിപ്പ് ടു ഷോർ ക്രെയിനുകളും ആറ് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഇതിൽ ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ വിഴിഞ്ഞത്തിറക്കിയശേഷം ശേഷിക്കുന്നവയുമായി കപ്പൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകും. കാലാവസ്ഥ അനുകൂലമായാലാണ് ക്രെയിനിറക്കുക. വെള്ളിയാഴ്ച കപ്പൽ പുറംകടലിൽ എത്തിയെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള എമിഗ്രേഷൻ അനുമതി വൈകിയതിനാൽ തുറമുഖത്തേക്ക് അടുപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇന്നലെ ഉച്ചയ്‌ക്ക് അനുമതി ലഭിച്ചതോടെയാണ് ബർത്തിംഗ് നടപടികൾ തുടങ്ങിയത്.
രണ്ട് ഡോൾഫിൻ ടഗ്ഗുകൾ, ഓഷ്യൻ സ്‌പിരിറ്റ് ടഗ്ഗ് എന്നിവയുടെ സഹായത്തോടെയാണ് അദാനി പോർട്സിന്റെ ക്യാപ്ടൻ തുഷാർ കപ്പലിനെ തുറമുഖത്തെത്തിച്ചത്. വാട്ടർ ലൈൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡിന്റെ 12 അംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ബർത്തിംഗ് നടപടികൾ. 30 ചൈനീസ് ജീവനക്കാരാണ് കപ്പലിലുള്ളത്. ആറ് യാർഡ് ക്രെയിനുകളുമായി മൂന്നാമത്തെ കപ്പൽ 25നെത്തും. ഡിസംബർ 15ന് ക്രെയിനുകളുമായി നാലാമത്തെ കപ്പലെത്തുമെന്നാണ് വിവരം.

Leave a comment