14-11-2023

ചിറയിൻകീഴ് : മുതലപ്പൊഴി അഴിമുഖത്തെ പാറ നീക്കംചെയ്യുന്ന പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്.
അഴിമുഖത്ത് പുലിമുട്ടുകളിൽനിന്ന് അടർന്നുവീണ ടെട്രാപോഡുകളും ചാനലിൽ ഇട്ട കൂറ്റൻ കരിങ്കല്ലുകളും ലോങ്ബൂം ക്രെയിൻ ഉപയോഗിച്ച് നീക്കംചെയ്യുന്ന പ്രവർത്തിയുടെ 95 ശതമാനവും പൂർത്തിയായതായി അദാനി തുറമുഖ കമ്പനി അധികൃതർ അറിയിച്ചു. തുടർന്ന് മുതലപ്പൊഴിയെ അപകടരഹിതമാക്കുന്ന നടപടിയുടെ രണ്ടാംഘട്ടമായ അഴിമുഖത്തെ മണൽ നീക്കംചെയ്യാനുള്ള പ്രവൃത്തി അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാനാകുമെന്നും അദാനി പ്രതിനിധികൾ അറിയിച്ചു. ഇതിനുവേണ്ടിയുള്ള മിഡ് സൈസ് ഡ്രഡ്ജർ മുംെബെയിൽനിന്ന് മുതലപ്പൊഴിയിലെത്തിച്ചു.
അദാനി തുറമുഖ കമ്പനിയുടെ നേതൃത്വത്തിലാണ് ഡ്രഡ്ജറെത്തിച്ചത്. മണൽനീക്കം ഈ മാസം 25-ഓടെ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അഴിമുഖത്തെ പ്രവേശനകവാടം മുതൽ 400 മീറ്റർ നീളത്തിൽ ആറ് മീറ്റർ താഴ്ചയിലാണ് ഡ്രഡ്ജർ ഉപയോഗിച്ച് ചാനലിൽ മണൽനീക്കം ചെയ്യുക.
അഴിമുഖത്ത് മണ്ണടിഞ്ഞുണ്ടാകുന്ന വലിയ തിരയിളക്കത്തിൽപ്പെട്ട് മീൻപിടിത്തവള്ളങ്ങൾ അപകടത്തിൽപ്പെടുന്നതും മത്സ്യത്തൊഴിലാളികൾക്ക് ജീവഹാനിയുണ്ടാകുന്നതു തടയുന്നതിനും ഇതോടെ പരിഹാരമാകും. 212 അടിയോളം ബൂം ലെങ്തുള്ള ക്രെയിൻ ഉപയോഗിച്ച് ഒരു മാസത്തിനുമുൻപ് ആരംഭിച്ച പാറനീക്കത്തിലൂടെ നിലവിൽ നൂറുകണക്കിന് ടെട്രാപോഡുകൾ നീക്കം ചെയ്തു.
ജൂൺ-ജൂലായ് മാസങ്ങളിലായി മുതലപ്പൊഴിയിൽ തുടർച്ചയായി അപകടങ്ങളുണ്ടാകുകയും മത്സ്യത്തൊഴിലാളികൾ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുന്നത് പതിവാകുകയും ചെയ്തതിനെത്തുടർന്ന് സർക്കാർ നേതൃത്വത്തിൽ നടന്ന മന്ത്രിതല ചർച്ചയെ തുടർന്നാണ് പാറ നീക്കംചെയ്യാനാരംഭിച്ചത്. ഇതേത്തുടർന്നാണ് അദാനി തുറമുഖ കമ്പനി മുതലപ്പൊഴി അപകടരഹിതമാക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചത്. പൊഴിമുഖത്തെ കരിങ്കല്ലും അടിഞ്ഞുകൂടിയ മണ്ണും മാറ്റിയശേഷം മത്സ്യബന്ധന യാനങ്ങൾക്കു വഴികാട്ടാനായി തുറമുഖ ചാനലിൽ ബോയെകൾ സ്ഥാപിക്കാനും അദാനി ഗ്രൂപ്പിനു നിർദേശം നൽകിയിരുന്നു.
മുതലപ്പൊഴിയിലെ അപകടകാരണം പഠിച്ച് റിപ്പോർട്ട് നൽകാനായി സംസ്ഥാന സർക്കാർ നിർദേശപ്രകാരം പുണെ സി.ഡബ്ല്യു.പി.ആർ.എസിലെ ശാസ്ത്രസംഘം നടത്തിയ പഠനവും പൂർത്തിയായിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കുന്നതോടെ മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.

Leave a comment