14-11-2023

ഷൊര്‍ണൂര്‍: മകനോടൊപ്പമുള്ള യാത്രയ്ക്കിടെ ട്രെയിനിൽനിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോയ ഓർമ്മശക്തി നഷ്ടപ്പെട്ട പിതാവിനെ കണ്ടെത്തി. ഒരു മാസക്കാലത്തെ അന്വേഷണത്തിന് ഒടുവിലാണ് പിതാവിനെ കണ്ടെത്തിയത്. ഷൊർണൂർ റെയിൽവേ പോലീസ് ആണ് അന്വേഷണം നടത്തിയത്. പിതാവിനെ കണ്ടെത്തി നൽകിയ കേരള പോലീസിനോട് നന്ദി പറയുകയാണ് തമിഴ്നാട് സ്വദേശികളായ ഒരമ്മയും മകനും.
കഴിഞ്ഞ ഒക്ടോബർ നാലിന് കാണാതായ വയോധികനെ കണ്ടെത്താനായി ഷൊർണൂർ റെയിൽവേ പോലീസ് ഊർജിതമായി അന്വേഷണം നടത്തിയിരുന്നു. ഇതിനൊടുവിലാണ് പട്ടാമ്പിയിൽ വെച്ച് ഇയാളെ പോലീസ് കണ്ടെത്തിയത്. കാണാതായ പിതാവിനെ തിരികെ കിട്ടിയതിന്‍റെ സന്തോഷത്തിലാണ് മകൻ 25 കാരനായ ഏഴുമലയും ഭാര്യ 51 കാരിയായ കൊളഞ്ചിയും. മകൻ ഏഴുമലക്കൊപ്പം കഴിഞ്ഞ മാസം നാലിന്
തമിഴ്നാട് കള്ളകുർശിയിൽനിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നതിനിടയാണ് ഓർമ്മശക്തി നഷ്ടപ്പെട്ട കാശിരാജൻ ട്രെയിനിൽനിന്ന് ഇറങ്ങിപ്പോയത്. രാത്രി പാതി മയക്കത്തിൽപെട്ടതിനാൽ ഒപ്പമുണ്ടായിരുന്ന പിതാവ് ഇറങ്ങിപ്പോയത് മകൻ അറിഞ്ഞില്ല. ഉറക്കത്തിൽനിന്ന് ഉണർന്നപ്പോൾ പിതാവ് ഒപ്പം ഇല്ലെന്ന് മനസിലാക്കിയ മകൻ ട്രെയിനിൽ മുഴുവൻ തെരഞ്ഞെങ്കിലും പിതാവിനെ കണ്ടെത്താനായില്ല.
പിന്നീട്, ഷൊർണൂർ റെയിൽവേ പോലീസിനെ സമീപിച്ച മകന്‍റെ വേവലാധി പോലീസിന് ബോധ്യപ്പെട്ടു. മകൻ ഏഴുമലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മാൻ മിസിങ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 40 ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ കാണാതായ വ്യക്തി ഷൊർണൂരിലെ റെയിൽവേ പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുന്നതായി കണ്ടെത്തിയിരുന്നു. സമീപത്തെ അനാഥാലയങ്ങളിലും തെരുവുകളിലും ഓട്ടോ സ്റ്റാൻഡുകളിലും ഉൾപ്പെടെ പോലീസ് ഇയാളെ തപ്പി നടന്നെങ്കിലും ഒരു എത്തും പിടിയും കിട്ടിയില്ല. അച്ഛനെ തെരഞ്ഞ് മകൻ ഏഴുമല നിരവധി തവണ പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങി. അപസ്മാരബാധ കൂടിയുള്ള പിതാവിനെ എങ്ങനെയെങ്കിലും കണ്ടെത്തി തരണമെന്നായിരുന്നു മകൻ പോലീസുകാർക്ക് മുന്നിൽ കേണപേക്ഷിച്ചത്. ഓരോ തവണ സ്റ്റേഷനിൽ കയറിവരുന്ന മകനോട് എന്തു മറുപടി പറയുമെന്ന് അറിയാതെ പോലീസുകാരും ഏറെ വേദനിച്ചിരുന്നു. ഒടുവിലാണ് പട്ടാമ്പിയിൽനിന്ന് ഇയാളെ കണ്ടെത്തുന്നത്.
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനിൽ മാത്യുവിന്‍റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. സ്റ്റേഷനിലെ എല്ലാ പോലീസുകാർക്കും കാണാതായ കാശിരാജന്‍റെ ഫോട്ടോ കൈമാറിയിരുന്നു. ഇതുവെച്ച് സമീപങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ ഉൾപ്പെടെ വ്യക്തമായി പോലീസ് നിരീക്ഷിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ചാലിശേരിയിലെ വീട്ടിലേക്ക് തിരികെ മടങ്ങുകയായിരുന്ന ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ സുധീഷാണ് കാശിരാജനെ കണ്ടെത്തുന്നത്. ബസിൽ കണ്ട് സംശയം തോന്നിയ കാശിരാജനുമായി സംസാരിച്ച് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുകയായിരുന്നു പോലീസുകാരനായ സുധീഷ്.
ഒടുവിൽ കഴിഞ്ഞ ഒരു മാസക്കാലമായി അന്വേഷിച്ച് വരികയായിരുന്ന കാശിരാജൻ തന്നെയാണിതെന്ന് പോലീസ് സ്ഥിരീകരിച്ചശേഷം ഇയാളെ ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അച്ഛനെ തിരികെ ലഭിച്ച വിവരമറിഞ്ഞ അമ്മയും മകനും നിറകണ്ണുകളോടെയാണ് പോലീസ് സ്റ്റേഷനിൽ എത്തിയത്. പിതാവിനെ കണ്ടെത്തി തിരികെ നൽകിയ റെയിൽവേ പോലീസിനോട് അവർക്ക് പറഞ്ഞറിയിക്കാൻ ആവാത്ത അത്രയും കടപ്പാടുണ്ട്.

Leave a comment