14-11-2023

വിതുര : വിതുര ഗവ. വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. വൊളന്റിയർമാർ സഹപാഠിക്ക് നിർമിച്ചുനൽകുന്ന സ്നേഹവീട് ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ 10.30-ന് വിതുര ഗവ. വി.എച്ച്.എസ്.എസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി താക്കോൽ കൈമാറും. ജി.സ്റ്റീഫൻ എം.എൽ.എ. അധ്യക്ഷനും. ഡി.കെ.മുരളി എം.എൽ.എ. മുഖ്യാതിഥിയുമാകും.
നന്ദിയോട് പഞ്ചായത്തിലെ നെയ്യപ്പള്ളി സ്വദേശിയായ സഹപാഠിയുടെ അച്ഛന്റെ മരണവാർത്തയറിഞ്ഞ് ആശ്വസിപ്പിക്കാൻ എത്തിയപ്പോഴാണ് വീടിന്റെ ശോചനീയാവസ്ഥ കണ്ടത്. തുടർന്ന് വീട് വെച്ചുനൽകാൻ തീരുമാനിക്കുകയായിരുന്നു.
100 ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരണം എന്ന ലക്ഷ്യമിട്ട് ജൂലായ് 20-നാണ് വീടിനു തറക്കല്ലിട്ടത്. ഫുഡ് ഫെസ്റ്റ്, കൺസ്യൂമർ പ്രോഡക്ടുകളുടെ വിപണനം, ലക്കി ഡിപ്, യൂണിഫോം വിതരണത്തിൽനിന്നുള്ള ലാഭം എന്നിവയിലൂടെയാണ് പണം കണ്ടെത്തിയത്.
അധ്യാപകരും രക്ഷിതാക്കളും ഒപ്പംചേർന്നതോടെ 8 ലക്ഷത്തിലധികം രൂപ ചെലവിട്ട് വീട് യാഥാർഥ്യമായി. പ്രിൻസിപ്പൽ എ.ആർ.മഞ്ജുഷ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.പി.അരുൺ എന്നിവർ നേതൃത്വം നൽകി.

Leave a comment