14-11-2023

കൊച്ചി: ആലുവയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിന് (28) ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് കേസില്‍ വിധി പ്രസ്താവിക്കുക. പ്രതിക്ക് വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
ഗുരുതരസ്വഭാവമുള്ള മൂന്ന് പോക്‌സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ 13 കുറ്റങ്ങള്‍ കോടതിയും ശരിവെച്ചിരുന്നു. പ്രതിയുടെ പ്രായവും മാനസികനിലയും കണക്കിലെടുത്ത് ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളില്‍ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളില്‍ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകള്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉള്ളതിനാല്‍ 13 വകുപ്പുകളില്‍ ആണ് ശിക്ഷ വിധിക്കുക. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്തതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സമാന കുറ്റങ്ങള്‍ മുന്‍പും ചെയ്തിട്ടുള്ള പ്രതിക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷയൊന്നും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയാല്‍ പ്രതി വീണ്ടും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ അഡ്വക്കേറ്റ് മോഹന്‍രാജ് പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രായത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ സമൂഹത്തിലേക്ക് വിടുന്നത് ജനിക്കാനിരിക്കുന്ന കുട്ടികളെപ്പോലും അപകടത്തിലാക്കുന്ന നടപടിയാണെന്നുമാണ് കോടതിയില്‍ വാദിച്ചത്.
കഴിഞ്ഞ ജൂലൈ 28 നാണ് പ്രതി അസ്ഫാക് ആലം അന്യ സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. സമാനതകളില്ലാത്ത ക്രൂരതകാട്ടിയ പ്രതിക്ക് ശിക്ഷ എന്തായിരിക്കുമെന്നും വധശിക്ഷ തന്നെ വിധിക്കുമോ എന്നുമാണ് കേരളം ഉറ്റുനോക്കുന്നത്.

Leave a comment