13-11-2023

തിരുവനന്തപുരം : കരമന തമലത്ത് പടക്കക്കട കത്തിപ്പോയ സ്ഥലം ഫൊറൻസിക് വിദഗ്ദ്ധർ പരിശോധിച്ചു. കെ.എസ്.ഇ.ബി. അധികൃതരും സ്ഥലപരിശോധന നടത്തി.
സമീപത്തെവിടെയോ പടക്കം കത്തിച്ചപ്പോഴുണ്ടായ തീപ്പൊരിയാണ് കട കത്തിയതിനു കാരണമെന്നാണ് ഉടമ നൽകിയ മൊഴി. എന്നാൽ, വിദഗ്ദ്ധ പരിശോധനയ്ക്കുശേഷമേ കൃത്യമായ കാര്യം കണ്ടെത്താനാവൂ എന്നാണ് പോലീസ് പറയുന്നത്.
കടയ്ക്കുമുന്നിലൂടെ വൈദ്യുതി ലൈനുണ്ട്. ഇതിനു താഴെയായി പടക്കങ്ങൾ കടയ്ക്കുമുന്നിൽ നിരത്തി വച്ചിരുന്നു. ശനിയാഴ്ച രാവിലെ പൂജപ്പുര എസ്.ഐ.യുടെ നേതൃത്വത്തിൽ പോലീസെത്തി ഇതുസംബന്ധിച്ച് മുന്നറിയിപ്പു നൽകിയിരുന്നു. കടയ്ക്ക് മുകളിലും മുന്നിലും വൈദ്യുത ദീപാലങ്കാരങ്ങളുമുണ്ടായിരുന്നു.
കടയ്ക്കുചുറ്റും റോഡിലടക്കം ഒട്ടേറെപ്പേർ പടക്കങ്ങൾ കത്തിക്കുന്നുണ്ടായിരുന്നു. ഇതിൽ എവിടെനിന്നെങ്കിലും തീപ്പൊരി വീണതാകാം എന്നതാണ് നാട്ടുകാർ പറയുന്നത്.
തമലം സ്വദേശി രാധാകൃഷ്ണൻ നായരുടേതാണ് കട. അരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

Leave a comment