13-11-2023

തിരുവനന്തപുരം : ദീപാവലിദിനത്തിലെ തിക്കും തിരക്കിനുമിടയിൽ യാത്രയ്ക്കിടെ വയോധികയുടെ നഷ്ടപ്പെട്ട പഴ്‌സ് കണ്ടെത്തി തിരികെ നൽകി പോലീസും കെ.എസ്.ആർ.ടി.സി. ജീവനക്കാരും. വെണ്ണിയൂർ സ്വദേശിനി മഹേശ്വരിയുടെ പണവും രേഖകളും ഉൾപ്പെട്ട പഴ്‌സാണ് തിരികെ ലഭിച്ചത്.
മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ ബസിലാണ് മഹേശ്വരിയുടെ പഴ്‌സ് നഷ്ടമായത്. സിറ്റി ഡിപ്പോയിലിറങ്ങിയ മഹേശ്വരി പഴ്‌സ് നഷ്ടമായതിനെത്തുടർന്ന് പോലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു. മഹേശ്വരിക്ക് പോലീസുകാർ ബസ് യാത്രക്കുള്ള പണം നൽകി.
തുടർന്ന് ഫോർട്ട് എ.എസ്.ഐ. ജോസ്ബിൻരാജ് പഴ്‌സ് നഷ്ടപ്പെട്ട വിവരം സ്റ്റേഷൻ മാസ്റ്റർ എൻ.കെ.രഞ്ജിത്തിനെ അറിയിച്ചു. മഹേശ്വരി യാത്രചെയ്ത വെങ്ങാനൂർ റൂട്ടിലെ ബസിലെ കണ്ടക്ടർ അശ്വതി വി.ആർ.നായരെയും ഡ്രൈവർ സുനിൽകുമാറിനെയും വിവരമറിയിച്ചു. ഇവർ ബസിൽ നടത്തിയ തിരച്ചിലിൽ നഷ്ടപ്പെട്ട പഴ്‌സ് തിരികെ ലഭിച്ചു. ഈ പഴ്‌സ് തിരികെ ഡിപ്പോയിലെത്തിച്ച് മഹേശ്വരിക്കു കൈമാറി.

Leave a comment