12-11-2023

തിരുവനന്തപുരം: വര്‍ക്കല ശ്രീനിവാസപുരം പാദതീര്‍ത്ഥത്തില്‍ സാബുവിന്‍റെ ഉടമസ്ഥതയിലുള്ള വീട് കുത്തി തുറന്ന് മോഷണം. 13 പവനോളം സ്വര്‍ണം മോഷണം പോയി. ഈ കഴിഞ്ഞ ആറാം തീയതി വീട് പൂട്ടി പോയതിനുശേഷം 10 ന് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം വീട്ടുകാര്‍ അറിയുന്നത്
വീടിന്‍റെ മുന്‍വശം കുന്താലി ഉപയോഗിച്ച് കുത്തി പെളിച്ചാണ് കള്ളന്‍ അകത്ത് കടന്നത്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് സാബുവിന്‍റെ കുടുംബം വീട്ടിലുള്ളതെന്ന് മോഷ്ടാവ് മുന്‍കൂട്ടി മനസിലാക്കിയാണ് മോഷണത്തിന് എത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം.
സാബുവും ഭാര്യയും സര്‍ക്കാര്‍ ജീവനക്കാരനാണ്. സാബു അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറാണ്. പാലക്കാട് ചിറ്റൂരാണ് ജോലി നോക്കുന്നത്. ഭാര്യ ഇടുക്കി രാജകുമാരി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. സംഭവസ്ഥലത്ത് പോലീസും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
13 പവനോളം സ്വര്‍ണം മോഷണം പോയെന്ന് സാബു പറഞ്ഞു. എല്ലാ വെള്ളിയാഴ്ചകളിലുമാണ് സാബുവിന്‍റെ ഭാര്യ വീട്ടില്‍ എത്തുന്നത്. ഈ വെള്ളിയാഴ്ച വീട്ടില്‍ എത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. അകത്ത് കയറി നോക്കിയപ്പോള്‍ മുറിക്കകത്തെ വസ്ത്രങ്ങളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. സാധാരണ ഉപയോഗിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് മോഷണം പോയതെന്നും സാബു പറഞ്ഞു.

Leave a comment