മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലെ മുഖ്യപ്രസാദമായ അരവണ എവിടെ സൂക്ഷിക്കുമെന്ന ആശങ്കയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്

12-11-2023

പത്തനംതിട്ട: മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയിലെ മുഖ്യപ്രസാദമായ അരവണ എവിടെ സൂക്ഷിക്കുമെന്ന ആശങ്കയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോടതി വ്യവഹാരങ്ങളിലും ലാബുകളിലെ പരിശോധനകളിലുമായി കുരുങ്ങിക്കിടന്ന 6.65 ലക്ഷം അരവണ കണ്ടെയ്നറുകൾ സ്റ്റോറിൽനിന്ന് ഒഴിവാക്കാൻ കഴിയാത്തതാണ് ഇതിന് കാരണമാകുന്നത്. എന്നാൽ, ഉപയോഗ്യയോഗ്യമെന്ന് കണ്ടെത്തിയെങ്കിലും പഴകിയതിനാൽ ഇനി വിതരണം ചെയ്യേണ്ടതില്ലെന്നാണ് ബോർഡ് നിലപാട്.

6.65 കോടി രൂപ വില മതിക്കുന്ന അരവണ ശബരിമലയിൽനിന്ന് നീക്കം ചെയ്യണമെങ്കിലും ഇനി വലിയ തുക ദേവസ്വം ബോർഡ് ചെലവഴിക്കേണ്ടി വരും. നിർമാണനഷ്ടത്തിന് പുറമെ ഇതിനു കൂടിയുള്ള സാമ്പത്തിക ശേഷി ബോർഡിന് തത്ക്കാലം ഇല്ലെന്നാണ് അധികൃതർ പറയുന്നത്. പ്രസിഡന്‍റ് അടക്കമുള്ളവരുടെ കാലാവധി തീരാനിരിക്കെ പുതിയ ബോർഡ് തീരുമാനം എടുക്കട്ടെയെന്ന അഭിപ്രായവുമുണ്ട്.

കഴിഞ്ഞ മണ്ഡലകാല ആരംഭത്തിലാണ് ശബരിമലയിൽ അരവണ നിർമാണത്തിന് ഉപയോഗിക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ അംശം കൂടുതലെന്ന പരാതി ഉയരുന്നത്. ഇതോടെ അരവണ മാറ്റിവെയ്ക്കാൻ കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ അംഗീകൃത ലാബുകളിൽ പരിശോധന നടത്താനും നിർദേശം നൽകി. ഇത്തരത്തില്‍ ഏലയ്ക്കായിലെ കീടനാശിനി അംശം കൂടിയെന്ന പേരിൽ 6.65 ലക്ഷം ടിൻ അരവണയാണ് ഹൈക്കോടതിയുടെ നിർദേശപ്രകാരം വിതരണം ചെയ്യാതെ മാളികപ്പുറത്തെ ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡപ്രകാരം പരിശോധന നടത്തണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്.

ഇതോടെ വിതരണം തടഞ്ഞ സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരവണ സാമ്പിൾ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തിരുവനന്തപുരത്തെ ലാബിൽ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഏലക്കയിലെ കീടനാശിനിയുടെ അളവ് കണ്ടെത്താൻ വീണ്ടും ഗുണനിലവാര പരിശോധന നടത്തണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചത്തോടെയാണ് ഈ പരിശോധനയും നടത്തിയത്. ഇതിലെല്ലാം കീടനാശിനി കൂടുതൽ അളവിൽ ഇല്ലെന്ന് കണ്ടെത്തി. റിപ്പോർട്ടെല്ലാം കോടതി അംഗീകരിച്ചു. അപ്പോഴേക്കും അടുത്ത സീസൺ അടുത്തെത്തി. പഴയ അരവണ വിതരണം ചെയ്യാൻ കഴിഞ്ഞതുമില്ല. ഇവ സർക്കാരും ദേവസം ബോർഡും ആലോചിച്ച് നീക്കണമെന്നാണ് കോടതി നിര്‍ദേശം.

ശബരിമല വനമേഖലയിൽ ഒരിടത്തും അരവണ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശനങ്ങളും ഇതിന്‍റെ മണം പിടിച്ച് വന്യജീവികൾ എത്തുമെന്നതും മറ്റുമാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതിനാൽ മറ്റെവിടേക്കെങ്കിലും ഇത് നീക്കേണ്ടി വരും. എന്നാല്‍, ഇത് അത്ര എളുപ്പമുള്ള കാര്യവുമല്ല. സീസൺ തിരക്ക് ആയതോടെ ഇത്രയധികം ടൺ അരവണ പമ്പയിൽ എത്തിച്ച് മാറ്റുന്നതിന് പ്രായോഗിക – സാമ്പത്തിക ബുദ്ധിമുട്ടുമുണ്ട്. അതിനാൽ അനാവശ്യമായി കോടതിയിൽ പരാതി നൽകിയ മുൻ കരാറുകാരനെതിരെ നടപടി സ്വീകരിച്ച് അരവണ നീക്കാൻ നിര്‍ദേശിക്കണമെന്നാണ് ബോർഡ് ആവശ്യപ്പെടുന്നത്. ഇത് സാധ്യമാകുന്നില്ലെങ്കിൽ ഈ സീസണിലും അരവണ നിർമാണ – വിതരണത്തിൽ പ്രതിസന്ധി ഉണ്ടായേക്കും. പുതുതായി നിർമിക്കുന്ന അരവണ സൂക്ഷിക്കാൻ ഇടമില്ലെന്നത് തന്നെയാണ് പ്രധാന കാരണം


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started