തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആർടിസി നടപ്പാക്കുന്ന ഗ്രാമവണ്ടി സർവീസുകൾ ലാഭത്തിൽ

12-11-2023

കാസർകോട്: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആർടിസി നടപ്പാക്കുന്ന ഗ്രാമവണ്ടി സർവീസുകൾ ലാഭത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്. കാസർകോട് ജില്ലയിലെ കുമ്പളയിലാണ് സംസ്ഥാനത്തെ 19-ാമത് സർവീസ് തുടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ ഗ്രാമവണ്ടിക്കായി സമീപിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി.

12 ജില്ലകളിലായി നടത്തുന്ന 19 സർവീസുകളും നഷ്ടമില്ലാതെയാണ് ഓടുന്നതെന്നാണ് കെഎസ്ആർടിസി അധികൃതർ നൽകുന്ന വിശദീകരണം. പ്രാദേശിക തലത്തിൽ കൂടുതൽ ബസുകൾ അനിവാര്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ പദ്ധതി തുടങ്ങിയത്.

തദ്ദേശ സ്ഥാപനങ്ങൾ നിർദേശിക്കുന്ന റൂട്ടിൽ നിർദേശിക്കുന്ന സമയത്ത് ബസ് സർവീസ് നടത്തും. സർവീസ് നടത്തുന്ന ബസുകൾക്ക് ഡീസലിനുള്ള തുക മാത്രം തദ്ദേശ സ്ഥാപനങ്ങൾ നൽകിയാൽ മതി. സ്റ്റേ ബസുകൾ വേണ്ടി വന്നാൽ ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിങ് സുരക്ഷ എന്നിവ തദ്ദേശ സ്ഥാപനങ്ങളും വാഹനം, ജീവനക്കാരുടെ ശമ്പളം, മെയിന്റനൻസ്, സ്പെയർപാർടുസുകൾ, ഇൻഷൂറൻസ് എന്നിവയുടെ ചെലവ് കെഎസ്ആർടിസിയും വഹിക്കും.

തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ, സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രാമവണ്ടി ബസുകൾ സ്പോൺസർ ചെയ്യാം. സ്പോൺസർ ചെയ്യുന്നവരുടെ പരസ്യങ്ങൾ ബസുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഓഗസ്റ്റിലാണ് ഗ്രാമവണ്ടികൾ സംസ്ഥാനത്ത് സർവീസ് ആരംഭിച്ചത്. കേന്ദ്രസർക്കാരിന്റെ നഗരവികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്. 150 കിലോമീറ്റർ ഓടുമ്പോൾ 5,000 രൂപ മുതൽ 7,000 രൂപ വരെ കളക്ഷനാണ് ബസിന് ശരാശരി ലഭിക്കുന്നത്. സാധരണ ഗ്രാമങ്ങളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഇത്രയും ദൂരം സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന കളക്ഷൻ 3,000 മുതൽ 4,000 വരെയാണ്. ഇന്ധനച്ചെലവ് കോർപറേഷൻ വഹിക്കേണ്ടെന്നതാണ് വരുമാനം വർധിക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് വരുമാനത്തിൽ മുൻപിൽ.

സംസ്ഥാനത്തെ പത്തൊൻപതാമത്തെ ഗ്രാമവണ്ടി സർവീസ് കാസർകോട് ജില്ലയിലെ കുമ്പളയിൽ ഒക്ടോബർ ആറിന് ഓടിത്തുടങ്ങിയിരുന്നു. കുമ്പള പഞ്ചായത്തുമായി സഹകരിച്ചാണ് പദ്ധതി ജില്ലയിൽ യാഥാർഥ്യമാക്കിയത്. നിലവിൽ പാലക്കാട്, ഇടുക്കി ജില്ലകളിലൊഴികെയുള്ള എല്ലാ ജില്ലകളിലും കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് നടത്തുന്നുണ്ട്.

കൊല്ലം, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിൽ രണ്ടു വീതവും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒരോ വണ്ടി വീതവുമാണ് സംസ്ഥാനത്തെ ഗ്രാമവണ്ടിയുടെ സർവീസ്. ഇതിൽ കണ്ണൂർ ജില്ലയിലെ ആറളം പഞ്ചായത്തിൽ മാത്രമാണ് 52 സീറ്റുകളുള്ള ബസ് ഓടുന്നത്. ബാക്കിയുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 32 സീറ്റുകളുള്ള ചെറിയ ബസാണ് ഓടുന്നത്. ഒരു തദ്ദേശ സ്ഥാപനത്തിലെ സഞ്ചാരയോഗ്യമായ എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടികൾ സർവീസ് നടത്തുക. ബസുകളോടാത്ത ഒറ്റപ്പെട്ട ഗ്രാമങ്ങളിലെ ഗതാഗതസൗകര്യ വികസനം സാധ്യമാക്കുന്ന രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started