12-11-2023

തലശേരി: കാല്‍നടയാത്രക്കാരനെ ഇടിച്ചതിനുശേഷം ഇറങ്ങിയോടിയ സ്വകാര്യ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി ബസ് ഡ്രൈവര്‍ മരിച്ചു. തലശേരി – വടകര റൂട്ടിലോടുന്ന ഭഗവതി ബസ് ഡ്രൈവര്‍ പാനൂർ മനേക്കര സ്വദേശി ജീജിത്താണ് (45) മരിച്ചത്. തലശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. ശനിയാഴ്ച്ച വൈകുന്നേരം 6.15 ന് വടകര – തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.
വടകരയിൽ നിന്ന് വരുമ്പോൾ പെട്ടിപ്പാലം പഴയ കള്ളുഷാപ്പിന് അടത്തുവെച്ച് ബസ് കാല്‍നട യാത്രക്കാരനായ മുനീറിനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ ജനക്കൂട്ടത്തിന്‍റെ അക്രമം ഭയന്ന് ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ബസ് ഡ്രൈവര്‍ ഓടിയത്. ട്രാക്കിലൂടെ ഓടുന്നതിനിടെയാണ് ഇതിലൂടെ കടന്നു പോകുകയായിരുന്ന ട്രെയിന്‍ ഇടിച്ചത്.
ആളുകൾ ഓടിക്കൂടിയെങ്കിലും ജീജിത്ത് തത്ക്ഷണം മരിച്ചു. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ മുനീറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a comment