ശബരിമല തീർഥാടക വേഷം ധരിച്ച് കഞ്ചാവ് കടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി

10-11-2023

മാനന്തവാടി: ശബരിമല തീർഥാടക വേഷം ധരിച്ച് കഞ്ചാവ് കടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. ഇരിട്ടി കൊട്ടിയൂർ നെല്ലിയോടി മൈലപ്പള്ളി വീട്ടിൽ ടൈറ്റസി (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 200 ഗ്രാം കഞ്ചാവും പിടികൂടി. കർണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചെക്‌പോസ്റ്റുകളിൽ പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധനയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇയാൾ ശബരിമല തീർഥാടക വേഷത്തിൽ കഞ്ചാവ് വാങ്ങാൻ കർണാടകത്തിലേക്ക് പോയതെന്നാണ് കരുതുന്നത്. എന്നാൽ കേരളത്തിലേക്കുള്ള ചെക്‌പോസ്റ്റുകൾ ഇയാൾ കടന്നെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മാനന്തവാടി ടൗണിൽ വെച്ച് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് കഞ്ചാവ് കൈവശമുണ്ടെന്ന കാര്യം ബോധ്യപ്പെട്ടത്.

ശബരിമല തീർഥാടക വേഷം ധരിച്ചതിനാൽ തന്നെ യുവാവിനോട് വിശദമായി തന്നെ ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതോടെയാണ് പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ മാത്രമാണ് ഇയാൾ അയ്യപ്പഭക്തൻമാർ ധരിക്കുന്ന തരത്തിലുള്ള വേഷത്തിലേക്ക് മാറിയതെന്ന് മനസിലായി. മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ ജോണി, പിആർ ജിനോഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടിജി പ്രിൻസ്, എസി പ്രജീഷ്, കെ ഹാഷിം, എക്‌സൈസ് ഡ്രൈവർ കെകെ സജീവ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started