മാനവീയം വീഥിയെ തകർക്കാനുള്ള ശ്രമങ്ങൾ ആസൂത്രിതമാണെന്നാണ് സാംസ്‌കാരിക പ്രവർത്തകർ

10-11-2023

തിരുവനന്തപുരം: തലസ്ഥാന നഗരത്തിനുള്ളിലെ ഒരു സാംസ്‌കാരിക ഇടനാഴിയാണ് മാനവീയം വീഥി. 2001ൽ കേരളസർക്കാരിന്റെ മാനവീയം പദ്ധതിയുടെ ഭാഗമായാണ് ഈ വീഥിക്ക് മാനവീയം വീഥി എന്നു പേരിട്ടത്. സാംസ്‌കാരിക കൂട്ടായ്മകൾക്കു നേരത്തെ തന്നെ പേരുകേട്ട വീഥിയാണ് ഇത്.

തെരുവുനാടകങ്ങൾ, പ്രദർശനങ്ങൾ, കലാമേളകൾ, മുതലായവ മാനവീയം തെരുവോരക്കൂട്ടത്തിന്റേയും മറ്റിതര കലാ സാംസ്‌കാരിക സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ നടക്കാറുണ്ട്. മ്യൂസിയം – വെള്ളയമ്പലം റോഡിൽ വയലാർ പ്രതിമ സ്ഥാപിച്ചിരിക്കുന്നിടത്തുനിന്ന് ആൽത്തറ ജങ്ഷനിലെ ജി ദേവരാജന്റെ പ്രതിമ വരെയുള്ള 180 മീറ്റ‍ർ നീളത്തിലുള്ള ഈ തെരുവ് യുവാക്കളുടെ ഇഷ്ടപ്പെട്ട ഇടമാണ്

2001ൽ അന്നത്തെ ഇടതുമുന്നണി സർക്കാരിന്റെ പ്രത്യേക താത്പര്യത്തിലാണ് കലാ സാംസ്‌കാരിക പ്രവർത്തങ്ങൾക്കായി മാനവീയം വീഥി തുറന്നുകൊടുത്ത്. പുതുക്കി പണിയലിനായി രണ്ടരവർഷത്തിലധികമായി അടച്ചിട്ടിരുന്ന മാനവീയം വീഥി ഏകദേശം നാലുകോടിയോളം രൂപ ചെലവാക്കി ഈ വർഷം ഓഗസ്റ്റ് 26നാണ് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു കൊടുത്തത്.

പിന്നീട് രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്ററായി മാനവീയം വീഥിയെ മാറ്റി. അതിനിടയിലാണ് ചില അക്രമസംഘങ്ങൾ ഇവിടെ അരങ്ങേറുന്നതും പോലീസ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും. ഇതോടെ മാനവീയത്തിൽ സ്ഥിരം എത്തുന്നവരും സാമൂഹ്യപ്രവർത്തകരും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

മാനവീയം വീഥിയെ തകർക്കാനുള്ള ശ്രമങ്ങൾ ആസൂത്രിതമാണെന്നാണ് സാംസ്‌കാരിക പ്രവർത്തകർ പറയുന്നത്. മതരാഷ്ട്രവാദികളും പൊതു ഇടങ്ങൾ ശക്തിപ്പെടരുതെന്ന നിലപാടുള്ളവരും സദാചാര പോലീസ് ചമയുന്നവരുമാണ് ഇതിന് പിന്നിലെന്നും മാനവീയം വീഥി കൂട്ടായ്മയുടെ പ്രതിനിധികൾ പറയുന്നു. എലിയെ പേടിച്ച് ഇല്ലം ചുടുന്ന പോലെ മാനവീയത്തെ നൈറ്റ് ലൈഫ് ഇല്ലാതാക്കരുതെന്ന് അധ്യാപകനായ സെയ്ദ് ഷിയാസ് മിർസ പറഞ്ഞു. സുരക്ഷ ശക്തമാക്കി നൈറ്റ് ലൈഫ് തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

നൈറ്റ്‌ ലൈഫ് വന്നതിൽ വളരെ സന്തോഷിച്ചിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ദുഖമുണ്ടെന്നും ബിഗ്‌ബോസ് താരം ദിയ സന പറഞ്ഞു. മാനവീയത്തെ പൂട്ടിക്കാൻ ചില ആളുകൾ സംഘടിത ശ്രമങ്ങൾ നടത്തുന്നുണ്ട്. സാമൂഹ്യവിരുദ്ധർക്ക് എതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. ഈ വീഥി രാപ്പകൽ ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യമായ ഇടമായി മാറണം. നൈറ്റ് ലൈഫ് നിർബന്ധമായും നടപ്പിലാക്കണമെന്നും ദിയ സന പറഞ്ഞു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started