10-11-2023

വർക്കല: പ്രണയം നടിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ യുവാക്കൾ പിടിയിലായി. ചെമ്മരുതി കോവൂർ ലക്ഷംവീട് കോളനിയിൽ ഗിരിജ വിലാസത്തിൽ അപ്പു (20),നെടുമങ്ങാട് പുതുകുളങ്ങര മഞ്ചമൂല സരോജ മന്ദിരത്തിൽ ബിജു (22) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇലകമണിൽ വാടകയ്‌ക്ക് താമസിക്കുന്ന ചാത്തന്നൂർ സ്വദേശിയായ പെൺകുട്ടിയും അപ്പുവും സോഷ്യൽ മീഡിയായിലൂടെയാണ് പ്രണയത്തിലായത്.പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നവംബർ 1ന് രാത്രിയിൽ സുഹൃത്തായ ബിജുവിന്റെ സഹായത്തോടെ അപ്പു വീട്ടിൽ നിന്ന് കടത്തിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷകർത്താക്കൾ അയിരൂർ പൊലീസിന് പരാതി നൽകി. തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് മൂവരും നെടുമങ്ങാട് ഉണ്ടെന്നുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. പോക്സോ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a comment