കൊളംബോയിൽനിന്നുമെത്തിയ നാലു യാത്രക്കാരിൽനിന്ന് ഒന്നരക്കിലോ സ്വർണം പിടിച്ചു

10-11-2023

തിരുവനന്തപുരം : കൊളംബോയിൽനിന്നുമെത്തിയ നാലു യാത്രക്കാരിൽനിന്ന് ഒന്നരക്കിലോ സ്വർണം പിടിച്ചു. കുഴമ്പുരൂപത്തിലായിരുന്നു സ്വർണം. തമിഴ്നാട് സ്വദേശികളായ മഹദീർ മുഹമ്മദ്, അബ്ദുൽ ഹമീദ്, മുഹമ്മദ് അബ്ദുള്ള, റാവുത്തർ നൈനാ മുഹമ്മദ് എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണം കുഴമ്പുരൂപത്തിലാക്കിയശേഷം ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇത്തരത്തിൽ നാല് ക്യാപ്‌സൂളുകൾ കണ്ടെടുത്തു.

വ്യാഴാഴ്ച രാവിലെ ഒൻപതോടെ കൊളംബോയിൽ നിന്നെത്തിയ ശ്രീലങ്കൻ എയർവേയ്‌സിലെ യാത്രക്കാരാണിവർ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് സ്വർണക്കടത്തിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ചേർന്നാണ് സംഘത്തെ പിടികൂടിയത്. മഹദീർ മുഹമ്മദിൽനിന്ന് 368 ഗ്രാമും അബ്ദുൾഹമീദിൽനിന്ന് 369.39 ഗ്രാമും മുഹമ്മദ് അബ്ദുള്ളയിൽനിന്ന് 368.80 ഗ്രാമും റാവുത്തറിൽനിന്ന് 368.47 ഗ്രാം സ്വർണവുമാണ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്കെതിരേ കേസെടുത്തു. 

കഴിഞ്ഞയാഴ്ച കൊളംബോയിൽനിന്നുമെത്തിയ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെട്ട 14 പേരിൽനിന്നായി മൂന്നുകോടി രൂപയുടെ സ്വർണം പിടിച്ചെടുത്തിരുന്നു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started