വിവാഹവുമായി ചേർന്ന് വധുവിന്റെ വീട്ടുകാരിൽനിന്ന് സ്വർണം, പണം, വസ്തുക്കൾ എന്നിവ വാങ്ങുന്നത് തിരുവനന്തപുരം മേഖലയിൽ പതിവായിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി

09-11-2023

തിരുവനന്തപുരം : വിവാഹവുമായി ചേർന്ന് വധുവിന്റെ വീട്ടുകാരിൽനിന്ന് സ്വർണം, പണം, വസ്തുക്കൾ എന്നിവ വാങ്ങുന്നത് തിരുവനന്തപുരം മേഖലയിൽ പതിവായിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. ജില്ലാതല സിറ്റിങ്ങിന്റെ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.

ഗ്രാമപ്രദേശങ്ങളിലാണ് ഇതു കൂടുതലുള്ളത്. അക്കൗണ്ടിലൂടെ വധുവിന്റെ അച്ഛൻ പണം കൈമാറിയൊരു കേസ് സിറ്റിങ്ങിൽ പരിഗണനയ്ക്ക് എത്തി. വിവാഹശേഷം അടുക്കള കാണുന്ന ചടങ്ങിൽ ലക്ഷക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണ് വാങ്ങിനൽകുന്നത്. സർക്കാർ ഉദ്യോഗസ്ഥരായ ആളുകൾ ഉൾപ്പെടെ ഇത്തരത്തിൽ സ്വർണാഭരണങ്ങളും പണവും വാങ്ങി വിവാഹം കഴിക്കുന്നുവെന്നത് ഗൗരവതരമാണ്. ഗാർഹിക പീഡനക്കേസുകളായും സ്ത്രീധനക്കേസുകളായും ഇവ പിന്നീടു മാറുന്നുണ്ട്.

അൺ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുടെ രണ്ടു വർഷത്തെ ആനുകൂല്യങ്ങൾ കമ്മിഷന്റെ നിർദേശം ഉണ്ടായിട്ടും നൽകാതിരിക്കുന്ന സ്ഥിതിയുണ്ട്. ഈ മേഖലയിൽ സ്ത്രീകളാണ് കൂടുതൽ ചൂഷണത്തിന് ഇരയാകുന്നത്. കൗമാരക്കാരനെ ബാറിൽ കൊണ്ടുപോകുന്ന അച്ഛനെതിരേ നടപടിക്ക് ചൈൽഡ് ലൈന് കമ്മിഷൻ നിർദേശം നൽകി. മദ്യപിച്ചുവന്ന് ഭാര്യയെയും രണ്ടു മക്കളെയും അച്ഛൻ ഉപദ്രവിക്കുന്നതായ പരാതി പരിഗണിക്കുമ്പോഴാണ് മദ്യപിക്കാൻ കൗമാരക്കാരനായ മകനെ അച്ഛൻ ബാറിൽ കൊണ്ടുപോകുന്നുവെന്ന വിവരം കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടത്. അച്ഛന്റെ മദ്യപാനം മൂലം മക്കൾക്ക് പഠിക്കുന്നതിനു കഴിയാത്ത സ്ഥിതിയാണെന്നും കമ്മിഷനു ബോധ്യപ്പെട്ടു. 

വീതംവച്ച വസ്തുക്കൾ സ്വന്തമാക്കിയ ശേഷം മൂന്നു മക്കൾ അമ്മയെ നോക്കുന്നില്ലെന്ന പരാതി സിറ്റിങ്ങിൽ പരിഗണനയ്‌ക്കെത്തി. ഇതിൽ കുടുംബവീടും സ്ഥലവും ലഭിച്ച മകനും മരുമകളുംകൂടി അമ്മയെ വീടിനുള്ളിൽ കയറ്റുന്നില്ല. അമ്മ അയൽപക്കത്തുനിന്ന്‌ ഒരാളെ കൂട്ടിയാണ് സിറ്റിങ്ങിന് എത്തിയത്. നടപടി സ്വീകരിക്കുന്നതിന് ഈ പരാതി ആർ.ഡി.ഒ.യ്ക്കു കൈമാറാൻ വനിതാ കമ്മിഷൻ തീരുമാനിച്ചു. അദാലത്തിന്റെ രണ്ടാം ദിവസം 200 കേസുകൾ പരിഗണിച്ചു. ഇതിൽ 63 കേസുകൾ തീർപ്പാക്കി. ഒൻപത്‌ കേസുകൾ റിപ്പോർട്ടിനായി അയച്ചു. ഒരു കേസ് കൗൺസിലിങ്ങിനു വിട്ടു. 

കമ്മിഷൻ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രൻ, പി.കുഞ്ഞായിഷ, വി.ആർ.മഹിളാമണി, എലിസബത്ത് മാമ്മൻ മത്തായി എന്നിവർ കേസുകൾ തീർപ്പാക്കി. ഡയറക്ടർ ഷാജി സുഗുണൻ, സി.ഐ. ജോസ് കുര്യൻ, അഡ്വക്കേറ്റുമാരായ സോണിയ സ്റ്റീഫൻ, സൗമ്യ, സരിത, സൂര്യ, കൗൺസിലർ സോണിയ എന്നിവർ പങ്കെടുത്തു.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started