മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് വീണ്ടും സംഘർഷഭരിതമാകുന്നു

09-11-2023

തിരുവനന്തപുരം : മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് വീണ്ടും സംഘർഷഭരിതമാകുന്നു. കഴിഞ്ഞ ദിവസം വീട്ടമ്മയെയും പോലീസിനെയും ഒരുസംഘം ആക്രമിച്ച സംഭവം വരെയുണ്ടായി. ലഹരിയുപയോഗിച്ചിരുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.

അതിരുവിട്ടതോടെ മാനവീയത്തിലെ നൈറ്റ് ലൈഫിന് നിയന്ത്രണമേർപ്പെടുത്താൻ സിറ്റി പോലീസ് തീരുമാനിച്ചു. 

കേരളീയത്തിന്റെ സമാപനദിവസം രാത്രി ഒന്നോടെയായിരുന്നു അക്രമം. പോലീസിനുനേരേ നടത്തിയ കല്ലേറിൽ കാച്ചാണി സ്വദേശിനി രാജി(36)ക്കു പരിക്കേറ്റു. തറയോടുകൊണ്ടുള്ള ഏറിലാണ് രാജിയുടെ തലയ്ക്കു പരിക്കേറ്റത്. 

അഞ്ചു തുന്നലുണ്ട്. മകൾക്കും അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് രാജി ഇവിടെയെത്തിയത്. ഈ കേസിൽ നെയ്യാറ്റിൻകര ആനാവൂർ സ്വദേശി ജയപ്രസാദ്,(28), അഭിജിത്(22) എന്നിവരെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. 

ലഹരിയുപയോഗിച്ചെത്തിയ യുവാക്കൾ ബഹളംവെക്കുകയും തർക്കമുണ്ടാവുകയും ചെയ്തതോടെ പോലീസ് ഇവരെ മാനവീയത്തിൽനിന്ന്‌ ആൽത്തറ ജങ്ഷനിലേക്കു മാറ്റിവിട്ടു. എന്നാൽ, ഇവിടെെവച്ച് വീണ്ടും തർക്കവും കൈയാങ്കളിയുമുണ്ടായി. തുടർന്ന് പോലീസ് ഇവരെ ഒാടിച്ചുവിട്ടു.

JUST IN 

ഇവർ തിരിച്ചെത്തിയാണ് പോലീസിനുനേരേ കസേരയേറും കല്ലേറും നടത്തിയത്. പോലീസിനെ ആക്രമിച്ച കേസിലും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കേരളീയം സമാപനദിവസമായതിനാൽ 20-ഓളം പോലീസുകാർ മാനവീയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. കല്ലേറും കസേരയേറും ഉണ്ടായതോടെ പോലീസ് ലാത്തിവീശി. 

അക്രമം നടത്തിയവരെ മാനവീയം വീഥിയിൽനിന്നു പുറത്താക്കി. കേരളീയം ആഘോഷപരിപാടികളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മാനവീയം വീഥിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. 

രണ്ടു ദിവസം മുൻപും രാത്രിയിൽ ഇവിടെ യുവാക്കൾ ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഈ സംഭവത്തിലുൾപ്പെട്ട കൂടുതൽപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്‌. 

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാത്രി പത്തിനു ശേഷം ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. ഡ്രമ്മുകളും ഉപയോഗിക്കാനാവില്ല. 

നിലവിലെ നിയമം മാനവീയത്തിലും കർശനമായി നടപ്പാക്കും. ലഹരിയുപയോഗം പരിശോധിക്കാൻ ഡ്രഗ് ഡിറ്റക്‌ഷൻ കിറ്റുകളും ബ്രത്ത് അനലൈസറും ഉപയോഗിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. 

പ്രശ്നമുണ്ടാക്കുന്നത് ലഹരിസംഘങ്ങൾ

: സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനിടെ പതിനഞ്ചോളം പരാതികളാണ് പോലീസിനു മുന്നിലെത്തിയത്. പരാതിയില്ലാതെപോയ തർക്കങ്ങളും കൈയാങ്കളികളും അതിലേറെ. വീട്ടമ്മയെ ആക്രമിച്ചതു കൂടാതെ മറ്റൊരു സ്ത്രീയോടു മോശമായി പെരുമാറിയതു ചോദ്യംചെയ്തതിന് തലയ്ക്കിടിച്ചു പരിക്കേൽപ്പിച്ച സംഭവവും കഴിഞ്ഞദിവസമുണ്ടായി. 

സ്ത്രീകളോടു മോശമായി പെരുമാറിയതു സംബന്ധിച്ച് ഇതുവരെ പത്തോളം പരാതികളാണ് ഇവിടെനിന്ന് പോലീസിനു ലഭിച്ചത്. പലതിലും പ്രതികളെ പിടികൂടുകയും ചെയ്തു. അതിക്രമങ്ങളും സംഘർഷങ്ങളും കൂടിവരുന്നതോടെ മാനവീയത്തിലെ നൈറ്റ്‌ലൈഫിന് നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്ന് പോലീസ് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.

സാധാരണ എയ്‌ഡ് പോസ്റ്റിൽ ഒന്നോ രണ്ടോ പോലീസുകാർ മാത്രമാണ് ഉണ്ടാവുക. കൂടുതൽ പോലീസുകാരെ ഡ്യൂട്ടിക്കടണമെന്നാണ് പ്രധാന നിർദേശം. മ്യൂസിയം സ്റ്റേഷനിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. കഴിഞ്ഞ ദിവസം കൂടുതൽ പോലീസുകാരുണ്ടായിരുന്നതുകൊണ്ടാണ് സംഘർഷം നിയന്ത്രിക്കാനായത്. കൂടാതെ പരിപാടികൾ നടത്തുന്നതിന് രജിസ്‌ട്രേഷനും ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഒരു സമയം ഒരു പരിപാടി മാത്രം നടത്തണം. പരിപാടികൾക്കും നൈറ്റ് ലൈഫിനും സമയക്രമീകരണം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started