ക്ഷേത്ര പരിസരത്ത് നിന്ന പുളിമരം മുറിക്കുന്നതിനിടെ മറ്റൊരു മരത്തിന്റെ കൊമ്പൊടിഞ്ഞ് മരത്തിൽ കുരുങ്ങിപ്പോയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

09-11-2023

നേമം : ക്ഷേത്ര പരിസരത്ത് നിന്ന പുളിമരം മുറിക്കുന്നതിനിടെ മറ്റൊരു മരത്തിന്റെ കൊമ്പൊടിഞ്ഞ് മരത്തിൽ കുരുങ്ങിപ്പോയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളായണി മുട്ടയ്ക്കാട് സ്വദേശി അനിൽകുമാർ എന്ന ബിജു (45) വിനെയാണ് രക്ഷപ്പെടുത്തിയത്.

കാരയ്ക്കാമണ്ഡപം മേലാങ്കോട് മുത്തുമാരിയമ്മൻ ക്ഷേത്രവളപ്പിൽ ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടുകൂടിയാണ് സംഭവം. മറ്റ് രണ്ട് തൊഴിലാളികളോടൊപ്പം മരം മുറിക്കാൻ കയറിയതായിരുന്നു അനിൽകുമാർ. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ചെങ്കൽച്ചൂളയിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അനിൽകുമാറിനെ താഴെയിറക്കിയത്. 

സമീപത്തെ ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണാണ് അപകടം. 

പുളിമരത്തിനും ആൽമര ശിഖരത്തിനും ഇടയിൽ ഒരു മണിക്കൂറോളം അപകടകരമായ നിലയിൽ മുപ്പത്തിയഞ്ചടി ഉയരത്തിൽ അനിൽകുമാർ തൂങ്ങിക്കിടന്നു. 

തലയും കഴുത്തും തോൾഭാഗവും മരങ്ങൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.

ഒടുവിൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തി രണ്ടുമരങ്ങളുടെയും ശിഖരങ്ങൾ മുറിച്ചുമാറ്റി വലയിൽ കെട്ടി താഴെയിറക്കി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കഴുത്തിന് പരിക്കേറ്റ അനിൽകുമാറിന്റെ ഒരു കൈയും കാലും ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ. പുളിമരത്തിൽ താങ്ങിനിന്ന വലിയ ആൽമര ശിഖരം അപ്രതീക്ഷിതമായി പൊട്ടിവീണതാണ് അപകടത്തിനിരയാക്കിയത്. സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started