09-11-2023

ഇലകമൺ : അധ്യാപക ദമ്പതിമാരായിരുന്ന മാതാപിതാക്കളുടെ സ്മരണയ്ക്കായി മകൻ അങ്കണവാടിക്ക് ഭൂമി സൗജന്യമായി വിട്ടുനൽകി. ഇലകമൺ പഞ്ചായത്ത് ഏഴാം വാർഡിലെ വേങ്കോട് അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാനാണ് ചാത്തന്നൂർ സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരനായ ചാവർകോട് പ്രണവത്തിൽ കെ.പ്രവീൺകുമാർ സൗജന്യമായി ഭൂമി നൽകിയത്.
മാതാപിതാക്കളായ പാരിപ്പള്ളി മുക്കട ശാന്തിഭവനിൽ കരുണാകരന്റെയും പത്മയുടെയും സ്മരണയ്ക്കായിട്ടാണ് സ്വന്തം പുരയിടത്തിൽ നിന്നും ഭൂമി നൽകിയത്. വി.ജോയി എം.എൽ.എ. വസ്തുവിന്റെ പ്രമാണം ഏറ്റുവാങ്ങി വാർഡ് പ്രതിനിധി സെൻസിയെ ഏൽപ്പിച്ചു. ഇവിടെ മനോഹരമായ അങ്കണവാടി കെട്ടിടം പണിയുമെന്ന് എം.എൽ.എ. അറിയിച്ചു. കെ.പ്രവീൺകുമാറിന് നാടിന്റെ സ്‌നേഹാദരവ് എം.എൽ.എ. സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, ബി.എസ്.ജോസ്, ശ്രീധരൻ കുമാർ, ഇക്ബാൽ, തൃദീപ്, ഓമനക്കുട്ടൻ, ഡി.രഞ്ജൻ എന്നിവർ സംബന്ധിച്ചു.

Leave a comment