08-11-2023

തിരുവനന്തപുരം : രാജ്യം കടന്നുപോകുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് യുവാക്കൾപോലും മനസിലാക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തക ശബ്‌നം ഹാഷ്മി.
‘ജനാധിപത്യത്തിന്റെ നല്ല വശങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. നിയമസംവിധാനങ്ങളും നിശബ്ദമാക്കപ്പെട്ടു. മാധ്യമങ്ങളെ പൂർണമായി വരുതിയിലാക്കി. എതിർശബ്ദമുയർത്തിയ പത്രപ്രവർത്തകർ ജയിലിലായി. രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ വക്കിലാണ് രാജ്യം. ആരെയും ഭയക്കാതെ ശബ്ദമുയർത്തി പോരാടാൻ കഴിയണം.’
– കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘ഭരണഘടനാ സംരക്ഷണത്തിൽ പൊതുസമൂഹത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകൻ എൻ.പി. ഉല്ലേഖുമായി സംസാരിക്കുകയായിരുന്നു അവർ.
പ്രധാനപ്പെട്ട വ്യക്തികളെ ആദായനികുതി വകുപ്പും ഇ.ഡി.യും നോട്ടീസ് നൽകിയും വിളിച്ചുവരുത്തിയും പേടിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നു. പത്തോ പതിനഞ്ചോ ദിവസം കൂടുമ്പോൾ പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ ബോധപൂർവം ശ്രമിച്ചുകൊണ്ടിരിക്കുന്നു. എതിരാളികൾക്ക് ചിന്തിക്കാനോ പ്രവർത്തിക്കാനോ സമയം കിട്ടുന്നില്ല. കർഷക സമരമൊഴിച്ചാൽ മറ്റ് സമരങ്ങളൊന്നും രാജ്യത്ത് നടന്നിട്ടില്ല-അവർ പറഞ്ഞു.
രാജ്യത്തെ യഥാർഥ വസ്തുതകൾ ജനങ്ങളെ അറിയിക്കുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെടുന്നുവെന്ന് എൻ.പി.ഉല്ലേഖ് പറഞ്ഞു. സാമൂഹികമാറ്റത്തിന് വിപ്ലവകരമായ മുന്നേറ്റമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a comment