08-11-2023

നെടുമങ്ങാട് : കോടികൾ ചെലവിട്ട് പഴകുറ്റി-വെമ്പായം റോഡ് നിർമിച്ചപ്പോൾ അകപ്പെട്ടത് നെടുമങ്ങാട് അഗ്നിരക്ഷാസേനാ യൂണിറ്റ്. ആപത്ഘട്ടങ്ങളിൽ ഓടിയെത്തേണ്ട അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ വന്നിറങ്ങുന്നത് വലിയ ഓടയിൽ.
ഓട ചാടിക്കടന്നുപോകുന്ന വാഹനങ്ങൾ മിക്കപ്പോഴും പ്രധാന പാതയിലൂടെ വരുന്ന വണ്ടികളുമായി കൂട്ടിയിടിക്കുന്നതു പതിവായി. വേങ്കവിള മുതൽ ബ്ലോക്ക് ഓഫീസ് വഴി അഗ്നിരക്ഷാസേന നിലയത്തിലെത്താൻ രണ്ട് കിലോമീറ്ററാണുള്ളത്. ഈ റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞു. ഇടുങ്ങിയ റോഡായതിനാൽ ഒരേസമയം രണ്ടു വാഹനങ്ങൾക്കു കടന്നുപോകാനാകില്ല. ഇതിനിടയിലാണ് പ്രധാന റോഡിലേക്കിറങ്ങുന്ന ഭാഗത്ത് മരണക്കെണിപോലെ ഓടകൾ രൂപപ്പെട്ടത്. പഴകുറ്റി-വെമ്പായം റോഡ് നവീകരിച്ചപ്പോൾ ഓടകെട്ടാതെ ഈ ഭാഗം ഉപേക്ഷിക്കുകയായിരുന്നു. പുതിയ റോഡിനു പൊക്കം കൂട്ടിയതോടെ പഴയ റോഡ് താഴ്ചയിലായി. കനത്തമഴയും റോഡിൽ വലിയ കുഴികളും രൂപപ്പെട്ടു.
വലിയ ഓടയിൽ കയറിയിറങ്ങുന്നതിനിടെ നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ബ്ലോക്ക് ഓഫീസിലേക്കു നൂറുകണക്കിനു വാഹനങ്ങളാണ് ദിവസവും എത്തുന്നത്. ഇവരും ഏറെ ദുരിതത്തിലാണ്.
അഗ്നിരക്ഷാസേനയുടെ വാഹനങ്ങളും ഏറെ പണിപ്പെട്ടാണ് പ്രധാന പാതയിലെത്തുന്നത്. റോഡ് തകർന്നതോടെ അടിയന്തരഘട്ടങ്ങളിൽ ഓടിയെത്താനാകാതെ വിഷമിക്കുകയാണ് അഗ്നിരക്ഷാസേനയുടെ ജീവനക്കാർ. റോഡ് ടാർ ചെയ്ത് അപകടങ്ങൾക്കു പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a comment