7 പേര്‍ക്ക് പുതുജീവിതം നല്‍കി സുരേഷ് യാത്രയായി

07-11-2023

തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷിന്റെ (37) അവയവങ്ങള്‍ ദാനം ചെയ്തു.

മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവം ദാനം നിര്‍വഹിച്ചത്.

ഹൃദയം, 2 വൃക്കകള്‍, കരള്‍ (2 പേര്‍ക്ക് പകുത്ത് നല്‍കി), 2 കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്. തീവ്രദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന ബന്ധുക്കള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു.

ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗിക്കും 1 വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, 2 കണ്ണുകള്‍ തിരുവന്തപുരം കണ്ണാശുപത്രി, 1 വൃക്ക കിംസ് ആശുപത്രി, കരള്‍ അമൃതയിലെ സൂപ്പര്‍ അര്‍ജന്റ് രോഗിക്കും, കിംസിലെ രോഗിക്കുമാണ് പകുത്ത് നല്‍കിയത്.

നിര്‍മ്മാണ തൊഴിലാളിയായ സുരേഷ് ജോലി സ്ഥലത്ത് വച്ച് നവംബര്‍ രണ്ടിന് കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അഞ്ചാം തീയതി കിംസ് ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്റെ പ്രാധാന്യമറിയുന്ന ബന്ധുക്കളാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്. അവയവ വിന്യാസം വേഗത്തിലാക്കാനായി മന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥാ പ്രശ്‌നം കാരണം ഹെലീകോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് ഗ്രീന്‍ ചാനല്‍ ഒരുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പോലീസിന്റെ സഹായത്തോടെ ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അതിവേഗത്തില്‍ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്.


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started