07-11-2023

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത സിൽവർലൈൻ പദ്ധതി ഗൗരവത്തോടെ പരിഗണിക്കാൻ റെയിൽവേ ബോർഡ് നിർദേശിച്ചതോടെ കേരളത്തിന് വീണ്ടും പ്രതീക്ഷ. വന്ദേ ഭാരത് ട്രെയിനുകളടക്കം വന്നതിനുശേഷവും സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിലെ പ്രശ്നങ്ങൾ രൂക്ഷമായതിനു പിന്നാലെയാണ് റെയിൽവേ ബോർഡ് നടപടി. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ വിശദാംശങ്ങൾ അടക്കം പരിശോധിച്ച ശേഷമാണ് കേരള റെയിൽവേ വികസന കോർപ്പറേഷനുമായി ചർച്ച നടത്താൻ ദക്ഷിണ റെയിൽവേക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാൽ കേരളമൊട്ടാകെ മെട്രോ നിലവാരത്തിലുള്ള അതിവേഗ റെയിൽ ഗതാഗത്തിനുള്ള വഴിയാണ് തുറക്കുക.
രാജ്യതലസ്ഥാനത്തെ സമീപ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന നമോ ഭാരത് പദ്ധതിയുടെ ആദ്യഘട്ടം അടുത്തിടെയാണ് ജനങ്ങൾക്ക് തുറന്നുകൊടുത്തത്. ഏകദേശം സമാനമായ പദ്ധതിയാണ് കെ-റെയിലിൻ്റെ സിൽവർലൈനും. തിരുവനന്തപുരം മുതൽ കാസർകോട് വരെ നാലുമണിക്കൂറിനുള്ളിൽ എത്തിച്ചേരാനുള്ള ഗ്രീൻഫീൽഡ് റെയിൽവേ പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തത്. എന്നാൽ ഭൂമിയേറ്റെടുപ്പിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലായി. പദ്ധതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും ഡിപിആറിന് കേന്ദ്രസർക്കാർ ഇതുവരെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. 70,000 കോടിയോളം മുതൽമുടക്കുള്ള പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ പിന്തുണയും കേരള സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
സിൽവർലൈനിനുവേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങളടക്കം ഉൾക്കൊള്ളിച്ച് റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവേ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് റെയിൽവേ ബോർഡിൻ്റെ കത്ത്. റെയിൽവേ ഭൂമിയും ലെവൽ ക്രോസുകളും സംബന്ധിച്ച് കെ റെയിൽ കോർപ്പറേഷനും ദക്ഷിണ റെയിൽവേയും സംയുക്തമായി പരിശോധന നടത്തിയിരുന്നു. ഈ വിവരങ്ങൾ പിഎം ഗതിശക്തി വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു. പദ്ധതിക്ക് അടിയന്തര പ്രാധാന്യമുണ്ടെന്നും തുടർചർച്ചകൾ നടത്തണമെന്നുമാണ് റെയിൽവേ ബോർഡിൻ്റെ പുതിയ നിർദേശം
9 ജില്ലകളിൽനിന്ന് 108 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് ആവശ്യമുള്ളത്. ഇതിൽ വലിയൊരു പങ്ക് റെയിൽവേ ഭൂമിയാണ്. ശേഷിക്കുന്ന സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതാണ് പദ്ധതിയിൽ നിർണായക കടമ്പ. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ കേരളത്തിൽ എവിടെയും നാലുമണിക്കൂറിനുള്ളിൽ എത്താമെന്നതാണ് മെച്ചം. ബുള്ളറ്റ് ട്രെയിനുകൾ വഴി രാജ്യമൊട്ടാകെ ബന്ദിപ്പിക്കപ്പെട്ടതോടെ ജപ്പാനിൽ വ്യവസായരംഗത്ത് വലിയ വളർച്ചയുണ്ടായിരുന്നു. സിൽവർലൈൻ സ്റ്റേഷനുകളോട് അനുബന്ധിച്ച് ഐടി വ്യവസായത്തിലടക്കം വലിയ വളർച്ചയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Leave a comment