07-11-2023

ബെംഗളൂരു: മലയാളി യുവാവും ബംഗാളി യുവതിയും അപ്പാർട്ട്മെന്‍റിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്‍റിലാണ് സംഭവം. മൂന്നു ദിവസം മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് തീപ്പൊള്ളലേറ്റ് നിലയിൽ ഇരുവരെയും കണ്ടെത്തിയത്.
ഇരുവരുടെയും നിലവിളി കേട്ട് ഫ്ലാറ്റിലേക്കെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. തീ അണയ്ക്കുന്നതിന് മുമ്പ് തന്നെ സൗമിനി മരിച്ചിരുന്നു. അബിലനെ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സൗമിനി വിവാഹിതയാണെന്നാണ് പോലീസ് പറയുന്നത്. മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് ഇവർ. നഴ്സിങ് റിക്രൂട്ട്മെന്‍റ് ഏജൻസി ഉടമയായ അബിൽ അവിവാഹിതനാണ്. ആത്മഹത്യാ കുറിപ്പുകളൊന്നും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടില്ല.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അസ്വഭാവിക മരണത്തിൽ കൊത്തന്നൂർ പോലീസ് കേസെടുത്തു. മരണകാരണം കണ്ടെത്താന്‍ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചുവരുകയാണെന്നും പോലീസ് പറഞ്ഞു. ദൊഡ്ഡഗുബ്ബിയിലെ ഫ്ലാറ്റില്‍വെച്ച് ഇരുവരും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പ്രഥമിക നിഗമനം.

Leave a comment