
07-11-2023
പത്തനംതിട്ട: മണ്ഡല – മകര വിളക്ക് കാലത്തെ ശബരിമല മെഡിക്കൽ വാർഡ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ തുടരും. പുനരുദ്ധാരണത്തിന്‍റെ ഭാഗമായി ആശുപത്രിയിലെ കെട്ടിടങ്ങൾ പൊളിക്കാൻ ടെണ്ടർ നൽകിയതിനാൽ ശബരിമല വാർഡുകൾ കോന്നി മെഡിക്കൽ കോളേജിലേക്കും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും മാറ്റാനായിരുന്നു നിർദേശം. ഇതനുസരിച്ച്, രണ്ടിടത്തും ആരോഗ്യവകുപ്പ് ഉന്നതതല സംഘം പരിശോധന നടത്തിയപ്പോൾ ഇവിടങ്ങളിൽ വേണ്ടത്ര സൗകര്യം ഇല്ലെന്ന് കണ്ടെത്തി. ഇതോടെയാണ് ജനറൽ ആശുപത്രിയിലെ പൊളിക്കൽ വൈകിപ്പിക്കാനും ശബരിമല വാർഡ് ഇവിടെ തന്നെ തുടരാനും നിർദേശിച്ചത്.
ജനറല്‍ ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്ക് കെട്ടിടത്തിന്‍റെയും അത്യാഹിതവിഭാഗം കെട്ടിടത്തിന്‍റെയും നിര്‍മാണനടപടികള്‍ വൈകിപ്പിക്കും. നിലവിലെ കെട്ടിടം പൊളിച്ചുനീക്കാന്‍ ടെന്‍ഡര്‍ നല്‍കിയെങ്കിലും തത്ക്കാലം പൊളിക്കല്‍ വേണ്ടെന്നാണ് തീരുമാനം. കെട്ടിടം പൊളിച്ചു നീക്കിയാല്‍ ശബരിമല വാര്‍ഡിനുള്ള സ്ഥലസൗകര്യം ലഭിക്കില്ല. ബി ആന്‍ഡ് സി ബ്ലോക്കിന്‍റെ ബലക്ഷയം സംബന്ധിച്ചും ഇതിനിടെ റിപ്പോര്‍ട്ടുകളുണ്ടായി. താത്‌കാലിക സംവിധാനങ്ങള്‍ ഒരുക്കുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ഇതിനിടയില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് മതിയായ ചികിത്സ സൗകര്യം ലഭ്യമല്ലാതെയും വന്നേക്കാം. ഈ ഒരു സാഹചര്യം ഒഴിവാക്കാനാണ് ശബരിമല വാര്‍ഡ് പഴയതുപോലെ തുടരാന്‍ തീരുമാനം ഉണ്ടായത്. പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് സാങ്കേതിക അനുമതിയും ലഭ്യമായിട്ടില്ല.
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശബരിമല വാര്‍ഡ് തുറക്കാനും ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം മാത്രം നിലനിര്‍ത്താനുമായിരുന്നു തീരുമാനം ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ പുതിയ സൗകര്യങ്ങള്‍ ശബരിമല തീര്‍ഥാടകര്‍ക്കുകൂടി പ്രയോജനപ്പെടുന്ന തരത്തിലേക്ക് വികസിപ്പിക്കാനുമായിരുന്നു നിര്‍ദേശം. ശബരിമല സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, പ്രധാന പാതകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അത്യാഹിത സംഭവങ്ങള്‍ ഉള്‍പ്പെടെ ആദ്യം എത്തിച്ചിരുന്നത് ജനറല്‍ ആശുപത്രിയിലേക്കാണ്. എന്നാല്‍, ഇവിടെ സൗകര്യങ്ങള്‍ ഇല്ലെന്നു വന്നാല്‍ നേരെ കോന്നി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയെന്നതായിരുന്നു നിര്‍ദേശം.
കോന്നി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് അടിയന്തരമായി കിടത്തി ചികിത്സ അടക്കം സജ്ജീകരിക്കാന്‍ നിര്‍ദേശമുണ്ടായി. ശബരിമല പ്രത്യേക ആശുപത്രിയായി മെഡിക്കല്‍ കോളേജ് മാറുന്നതോടെ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഐസിയു ഉള്‍പ്പെടെ സജ്ജീകരിക്കുമെന്നായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്. എന്നാല്‍, മെഡിക്കല്‍ കോളേജിലേക്കുള്ള പാതകള്‍ വികസിപ്പിക്കാത്തതും കിടത്തി ചികിത്സ, അത്യാഹിത വിഭാഗങ്ങള്‍ ഇവ പ്രവര്‍ത്തിക്കാത്തതും ശബരിമല വാര്‍ഡ് പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടാകുമെന്ന അഭിപ്രായമാണ് ആരോഗ്യവകുപ്പ് ഉന്നതര്‍ക്കുണ്ടായത്. ഇതും പുതിയ നീക്കത്തിന് കാരണമായി. ജില്ലാ ആശുപത്രിയിലും പുതിയ നിർമാണം നടക്കുന്നതിനാൽ ശബരിമല വാർഡ് ക്രമീകരിക്കുക എളുപ്പമല്ല. ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചാണ് ആരോഗ്യ വകുപ്പിന്‍റെ പുതിയ നിർദേശം ഉണ്ടായിരിക്കുന്നത്.

Leave a comment