07-11-2023

തിരുവനന്തപുരം: ദീപാവലിക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സർക്കാർ. പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാക്കി. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയുമായിരിക്കണം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂ. ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ പരിശോധിച്ച് ഉറപ്പാക്കണമെന്നും സർക്കാർ പുറത്തിറക്കി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, നിർദേശം ലംഘിക്കുന്നവർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികൾ സ്വീകരിക്കുമോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. അടുത്തമാസം ക്രിസ്മസും ന്യൂ ഇയറും വരാനിരിക്കെയാണ് ഉത്തരവിൽ ഈ വിശേഷ ദിവസങ്ങളും ഉൾപ്പെടുത്തിയത്.

Leave a comment