07-11-2023

നേമം: കേരളത്തിലെ ആദ്യ വ്യവസായ എസ്റ്റേറ്റിന്റെ ഓഫീസ് മന്ദിരം ഓർമയായി. തിരുവനന്തപുരം – കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിന്റെ ഭാഗമായി പാപ്പനംകോട് എസ്റ്റേറ്റിൽ പ്രവർത്തിച്ചിരുന്ന മന്ദിരം കഴിഞ്ഞയാഴ്ച റെയിൽവേ ഏറ്റെടുത്ത് പൊളിച്ചു നീക്കിയതോടെയാണ് ഒരു നാടിന്റെ ചരിത്രസ്മരണ മാഞ്ഞത്.
കേരളം രൂപവത്കൃതമാകുന്നതിന് മുമ്പ് 1956 സെപ്റ്റംബർ 17-ന് തിരുവിതാംകൂറിലെ മഹാറാണി സേതുപാർവതി ഭായിയാണ് പാപ്പനംകോട്ടെ വ്യവസായ എസ്റ്റേറ്റിന്റെ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പിന്നീട് 1964-ൽ കേരള സർക്കാർ ഏറ്റെടുത്ത വ്യവസായ എസ്റ്റേറ്റ് 74-ൽ പൂർണമായും സിഡ്‌കോയുടെ കീഴിലാവുകയായിരുന്നു. വ്യവസായ എസ്റ്റേറ്റ് വന്നതോടെ ഈ നാടിന്റെ പേരും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നായി മാറി.
ആറര പതിറ്റാണ്ടിലധികം വ്യവസായ എസ്റ്റേറ്റിന്റെ ഭാഗമായി എസ്റ്റേറ്റ് മാനേജർ ഉൾപ്പെടെയുള്ളവരുടെ ഓഫീസായി പ്രവർത്തിച്ചിരുന്നതാണ് ഈ മന്ദിരം. കെട്ടിടം ഇടിച്ചുനിരത്തിയതോടെ ഓഫീസ് പ്രവർത്തനം താത്‌കാലികമായി സിഡ്‌ക്കോയുടെ കീഴിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി.
ഈ മന്ദിരത്തിന്റെ പ്രൗഢിയിൽ സിഡ്‌കോ പുതിയ മന്ദിരം പണിയണമെന്ന ആവശ്യമുയരുന്നുണ്ട്.
കേരളപ്പിറവിക്ക് രണ്ടുമാസം മുമ്പ് നാട്ടിൽ ആഘോഷപൂർവമായാണ് ഈ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നതെന്ന് നാട്ടിലെ പഴയ തലമുറയിൽപ്പെട്ടവർ ഇന്നും ഓർക്കുന്നു. തുടക്ക സമയത്ത് നിരവധി ഫാക്ടറികളും തൊഴിലാളികളും പ്രവർത്തിച്ചിരുന്ന ഈ എസ്റ്റേറ്റിൽ ഇന്ന് വികസനം മുരടിച്ചിരിക്കുകയാണ്.
നിരവധി ഫാക്ടറികൾ അടച്ചുപൂട്ടുകയും തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിലിടം പിടിച്ച വ്യവസായ എസ്റ്റേറ്റ് ഇന്ന് നേരിടുന്നത് അവഗണനയാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡും വൈദ്യുത വിളക്കുകളില്ലാത്തതും കാടുകയറിയ ഫാക്ടറികളും വികസന മുരടിപ്പ് തുറന്നുകാട്ടുന്നു.

Leave a comment